ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

Friday 18 April 2025 10:44 PM IST

കട്ടപ്പന: അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുന്ന ബി.ജെ.പിക്കും ഇവരെ പിന്തുണയ്ക്കുന്ന കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ഇരട്ടത്താപ്പിനുമെതിരെ ഡി.വൈ.എഫ്‌.ഐ കട്ടപ്പനയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ പ്രസിഡന്റ് എസ്. സുധീഷ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് ഏജൻസികൾ കേസുകൾ രജിസ്റ്റർ ചെയ്യുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. വിവിധ കോടതികൾ തള്ളിക്കളഞ്ഞ കേസിൽ വീണാ വിജയനെ പ്രതിയാക്കിയതിന്റെ പേരിൽ മുഖ്യമന്ത്രിയെ അപമാനിക്കാൻ കോൺഗ്രസും യൂത്ത് കോൺഗ്രസും സമര നാടകങ്ങൾ സംഘടിപ്പിക്കുന്നു. എന്നാൽ നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും പ്രതികളാക്കി ഇഡി കുറ്റപത്രം സമർപ്പിപ്പോൾ രാഷ്ട്രീയപ്രേരിതമെന്ന് പറയുന്നത് കോൺഗ്രസിന്റെ ഇരത്താപ്പാണെന്നും നേതാക്കൾ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം ഫൈസൽ ജാഫർ അദ്ധ്യക്ഷനായി. നേതാക്കളായ ജോബി വർഗീസ്, നിയാസ് അബു, ഫ്രെഡ്ഡി മാത്യു, ബിബിൻ ബാബു, ബിനീഷ് വിനോദ്, എസ് കണ്ണൻ എന്നിവർ സംസാരിച്ചു. കോൺഗ്രസ് നേതാക്കളുടെ മുഖംമൂടി ധരിച്ച് കുന്തളംപാറ റോഡിൽനിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.