കൊള്ളക്കാർ വിട്ടയച്ച കപ്പൽ ജീവനക്കാർ മുംബൈയിൽ ഉടൻ നാട്ടിലേക്ക്; വീടുകളിൽ ആശ്വാസം
പനയാൽ (കാസർകോട്): പശ്ചിമ ആഫ്രിക്കൻ രാജ്യമായ ടോഗോയിലെ ലോമെയിൽ നിന്ന് കമറൂൺ രാജ്യത്തിലെ ദുവാലയിലേക്കുള്ള യാത്രക്കിടെ കൊള്ളക്കാർ ബന്ദികളാക്കിയ കപ്പൽ ജീവനക്കാർ മുംബൈയിൽ. ഇവർ ഉടൻ നാട്ടിലെത്തുമെന്ന വിവരം ലഭിച്ചതോടെ വലിയ ആശ്വാസത്തിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും.
കാസർകോട് പനയാൽ കോട്ടപ്പാറ സ്വദേശി രജീന്ദ്രൻ ഭാർവൻ (35) അടക്കം ഏഴ് ഇന്ത്യക്കാരും മൂന്ന് റുമാനിയക്കാരുമാണ് കഴിഞ്ഞ മാർച്ച് 17ന് ബന്ദികളാക്കപ്പെട്ടത്. ഒരു മാസത്തോളം ബന്ദികളാക്കപ്പെട്ടവരെ കുറിച്ച് ഒരു വിവരവും പുറത്തു വന്നില്ല. കഴിഞ്ഞ ദിവസമാണ് സുരക്ഷിതമായി ഇവർ മോചിതരായെന്ന വിവരം വീട്ടുകാർക്ക് ലഭിച്ചത്. മോചിതരായ 10 പേരും ബന്ധപ്പെട്ടവരുടെ നിർദേശമനുസരിച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള മുംബൈയിലെ ഡയരക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡി.ജി.ഷിപ്പിംഗ്) മുൻപാകെ ഹാജരായി.
മിനിക്കോയ് ദ്വീപുകാരനായ ആസിഫ് അലി ,തമിഴ് നാട്ടുകാരായ പ്രദീപ് മുരുകൻ, സതീഷ് കുമാർ , സന്ദിപ് കുമാർ സിംഗ് (ബിഹാർ), സമീൻ ജാവേദ്, സോൾക്കാർ റിഹാൻ (മഹാരാഷ്ട) എന്നിവരാണ് രജീന്ദ്രന് പുറമെ തടവിലായ ഇന്ത്യക്കാർ. മുംബൈയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒന്നോ രണ്ടോ ദിവസത്തിനകം എല്ലാവരും വീടുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. മുംബൈയിലെ മറീടെക് ഏജൻസി ഓഫീസ് വഴിയാണ് ഇവരെല്ലാം ബിറ്റു റിവർ എന്ന എണ്ണക്കപ്പലിൽ ജോലിക്കെത്തിയത്.
കപ്പലിൽ ചീഫ് കുക്കായ രജീന്ദ്രൻ ജോലിയിൽ കയറിയത് കഴിഞ്ഞ സെപ്റ്റംബറിലാണ്. ലോമെ വിട്ട് അടുത്ത പോർട്ടിൽ എത്തിയാൽ കരാർ സമയം പൂർത്തിയാക്കി കപ്പലിൽ നിന്ന് ഇറങ്ങി നാട്ടിലേക്ക് തിരിക്കാരിക്കെയാണ് റാഞ്ചൽ നടന്നത്. രജീന്ദ്രന്റെയും മറ്റ് ഇന്ത്യൻ ജീവനക്കാരുടെയും വിടുതൽ വൈകുന്നതിൽ പ്രതിഷേധിച്ച് ഏപ്രിൽ അഞ്ചിന്റെ ദേശീയ കപ്പലോട്ട ദിനം കോട്ടിക്കുളം മർച്ചന്റ്നേവി ക്ലബ്ബും ജില്ലാ സിമെൻസ് അസോസിയേഷനും ബഹിഷ്ക്കരിച്ചിരുന്നു.