പിണറായി എഡ്യുക്കേഷൻ ഹബ്ബ് അന്തിമ ഘട്ടത്തിലേക്ക്
കണ്ണൂർ :പിണറായി എഡ്യുക്കേഷൻ ഹബ്ബിന്റെ നിർമ്മാണം പുരോഗമിക്കുന്നു.ഐ.എച്ച്.ആർ.ഡി കോളേജ്, പോളിടെക്‌നിക്, ഗസ്‌റ്റ് ഹൗസ്, ക്യാന്റീൻ എന്നിവയുടെ പ്രവൃത്തിയാണ് ദ്രുതഗതിയിൽ മുന്നോട്ടു പോകുന്നത്.ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജിൽ 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചിലവില്‍ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയമാണ് പിണറായി എഡ്യുക്കേഷൻ ഹബ്ബ്.
പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ എഡ്യുക്കേഷൻ ഹബ്ബായിരിക്കും ഇത്. അടുത്ത വർഷം മാർച്ചിൽ ഹബ്ബ് നാടിന് സമർപ്പിക്കാനാണ് ധാരണ.കഴിഞ്ഞ വർഷം ആഗസ്ത് 24 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് എഡുക്കേഷൻ ഹബ്ബിന് തറക്കല്ലിട്ടത്. പതിമൂന്ന് ഏക്കറിലാണ് കേരളത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തിൽ നാഴികക്കല്ലാകാൻ പോകുന്ന എജ്യൂക്കേഷൻ ഹബ്ബ് ഒരുങ്ങുന്നത്.
ഹബ്ബിനോട് അനുബന്ധിച്ച് ഒരു ജൈവ വൈവിധ്യ ഉദ്യാനവും ഒരുങ്ങും.വിവിധ അക്കാഡമികൾക്ക് പുറമെ അതിഥി മന്ദിരം, കാന്റീൻ,ഓഡിറ്റോറിയം, പൊതുകളിസ്ഥലം, ഹോസ്റ്റൽ എന്നിവയും ഒരുക്കുന്നുണ്ട്. പദ്ധതി ഭൂമിയോട് ചേർന്ന് പിണറായി ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് രണ്ടായിരം പേരെ ഉൾകൊള്ളുന്ന ഓപ്പൺ എയർ ഓഡിറ്റോറിയവും നിർമ്മിക്കുന്നുണ്ട്.
പിണറായി എഡ്യുക്കേഷൻ ഹബ്ബിൽ
പോളിടെക്നിക്ക് കോളേജ്
ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്
ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
ഐ.എച്ച്.ആർ .ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്
സിവിൽ സർവീസ് അക്കാഡമി.
നേട്ടം സംസ്ഥാനത്തിനാകെ
കിഫ്‌ബി ധനസഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഏകോപനച്ചുമതല ഐ.എച്ച്.ആർ.ഡിയും നിർമ്മാണ മേൽനോട്ടം കെ.എസ്.ഐ.ടി.ഐ.എല്ലുമാണ് നിർവഹിക്കുന്നത്. നവീനമായ പുതുതലമുറ കോഴ്‌സുകൾ ഉൾപ്പെടെ നൽകുന്ന നിരവധി സ്ഥാപനങ്ങൾ ഒറ്റ ക്യാമ്പസിൽ ലഭ്യമാക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.രാജ്യത്തിനകത്തും പുറത്തും നിന്നും വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുന്ന നിലയിലേക്ക് എജ്യൂക്കേഷൻ ഹബ്ബിന് വളരാനുള്ള എല്ലാ അനുകൂല ഘടകങ്ങളും ഇവിടെ ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.