ബിന്ദു പത്മനാഭന്റെ തിരോധാനം: ഒന്നാം പ്രതിയുടെ നുണപരിശോധന നടത്താൻ ഹർജി

Friday 18 April 2025 12:23 AM IST

ഹർജി 19ന് പരിഗണിക്കും

ചേർത്തല: ബിന്ദു പത്മനാഭന്റെ തിരോധാന കേസിൽ ഒന്നാം പ്രതിയായിരുന്ന സെബാസ്റ്റ്യനെ നുണ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ക്രൈംബ്രാഞ്ച് ഹർജി നൽകി. ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി -1ൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ സി.ആർ.പ്രമോദ് നൽകിയ ഹർജി 19ന് പരിഗണിക്കും.

ചേർത്തല കടക്കരപ്പള്ളി പത്മാനിവാസിൽ പത്മനാഭപിള്ളയുടെ മകൾ ബിന്ദു പത്മനാഭനെ (52) കാണാനില്ലെന്ന് കാട്ടി സഹോദരൻ പ്രവീൺകുമാർ ആഭ്യന്തര വകുപ്പിന് 2017 സെപ്തംബർ 17ന് നൽകിയ പരാതിയെ തുടർന്ന് ആദ്യം പട്ടണക്കാട് പൊലീസും തുടർന്ന് കുത്തിയതോട് സി.ഐയും ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ആലപ്പുഴ നർകോട്ടിക് സെൽ ഡിവൈ.എസ്.പി എ.നസീമും അന്വേഷണം നടത്തിയിരുന്നു.മൊഴിയെടുക്കുന്നതിനായി ആലപ്പുഴയിൽ വിളിച്ച 2017ജൂൺ 28ന്സെബാസ്റ്റ്യന്റെ അടുത്ത സുഹൃത്തും ഓട്ടോ ഡ്രൈവറുമായ മനോജ് വീടിനുള്ളിൽ തൂങ്ങിമരിച്ചിരുന്നു.

തിരോധാനവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. പള്ളിപ്പുറം പഞ്ചായത്ത് 9ാം വാർഡിൽ ചെങ്ങുംതറ വീട്ടിൽ അമ്മാവൻ എന്ന് വിളിക്കുന്ന സെബാസ്റ്റ്യനെ (72) ഒന്നാം പ്രതിയാക്കി എടുത്ത കേസുകളിൽ 11 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സ്റ്റേറ്റ് പൊലീസ് ചീഫിന്റെ നിർദ്ദേശ പ്രകാരം ഈ കേസുകൾ 2018 നവംബർ 18ലെ ഉത്തരവ് പ്രകാരം ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണീറ്റ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

മൊഴികളിൽ വൈരുദ്ധ്യം

ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ വസ്തു ബ്രോക്കറായ സെബാസ്റ്റ്യനുമായി ബിന്ദു 2003 മുതൽ അടുത്ത ബന്ധപുലർത്തിയിരുന്നതായി കണ്ടെത്തി. പല തവണ പള്ളിപ്പുറത്തെ തന്റെ വീട്ടീൽ ബിന്ദു വന്നിട്ടുള്ളതായും ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. ബിന്ദുവിന്റെ മാതാപിതാക്കളുടെ മരണ ശേഷം ഏറ്റവും കൂടുതൽ ഇടപഴകിയിട്ടുള്ളത് സെബാസ്റ്റ്യനോട് മാത്രമായിരുന്നു. ബിന്ദുവുമായി പരിചയപ്പെടുന്നതിന് മുമ്പ് സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന സെബാസ്റ്റ്യൻ തിരോധാനത്തിന് ശേഷം സാമ്പത്തികമായി വളരെ ഉയർന്ന നിലയിൽ ആയിരുന്നെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വിവിധ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇയാൾ നൽകിയത് വൈരുദ്ധ്യമായ മൊഴികളാണ്.