വിഴിഞ്ഞം: സ്വപ്‌ന നിമിഷം അരികെ

Friday 18 April 2025 1:41 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മേയ് 2ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്നതോടെ തലസ്ഥാനത്തിന്റെ വികസന സ്വപ്‌നങ്ങളും ചിറകുവിരിക്കും.കയറ്റുമതി-ഇറക്കുമതി (എക്സിം) തുറമുഖമായി മാറുന്നതോടെ തൊഴിലവസരങ്ങളേറും.സമ്പദ്വ്യവസ്ഥ മെച്ചപ്പെടും. തുറമുഖത്തെ മാരിടൈം, ലോജിസ്റ്റിക് ഹബാക്കാൻ നിക്ഷേപകരെത്തേടുകയാണ് സർക്കാർ. തലസ്ഥാനത്ത് ലാൻഡ്പൂളിംഗിലൂടെ തുറമുഖാധിഷ്‌ഠിത വ്യവസായങ്ങൾ വൻതോതിൽ വരും. വികസനം ലക്ഷ്യമിട്ട് വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസന ത്രികോണ പദ്ധതിയും തിരുവനന്തപുരത്ത് ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോറും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളരുകയാണ്. 2024 ജൂലായ്13 മുതലാണ് വിഴിഞ്ഞത്ത് ട്രയൽറൺ തുടങ്ങിയത്.ഡിസംബർ 3മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു. ഇതുവരെ 263 കപ്പലുകളെത്തി. എംഎസ്‌സിയുടെ യൂറോപ്പിലേക്കുള്ള പ്രതിവാര സർവീസ് ആയ ജേഡ് സർവീസും വിഴിഞ്ഞത്ത് നിന്ന് ആരംഭിച്ചു. കേന്ദ്രത്തിന്റെ 8.17.8കോടിയുടെ വി.ജി.എഫും വിഴിഞ്ഞത്തിന് ലഭിച്ചു. തുറമുഖം രാഷ്ടത്തിന് സമർപ്പിക്കുന്നതോടെ ലോകസമുദ്രവ്യാപാര മേഖലയിൽ കേരളം പ്രഥമനിരയിലാവും.തുറമുഖത്തുനിന്ന് വരുമാനത്തിന്റെ വിഹിതം 2034മുതൽ സർക്കാരിന് ലഭിക്കും. 2028ൽ നാലുഘട്ടങ്ങളും പൂർത്തിയാവും. അടുത്തഘട്ടം പൂർത്തിയാവുമ്പോൾ പ്രതിവർഷം 30ലക്ഷം കണ്ടെയ്നർ ശേഷിയുണ്ടാവും. പതിനായിരം കോടി അടുത്തഘട്ടങ്ങൾക്ക് അദാനി മുടക്കും. റോഡ്,റെയിൽ കണക്ടിവിറ്റിയാവുന്നതോടെ രാജ്യത്തിന്റെ ചരക്കുനീക്കത്തിന്റെ സിംഹഭാഗം വിഴിഞ്ഞം വഴിയാവും. സംസ്ഥാനത്താകെ വലിയ തോതിലുള്ള വാണിജ്യ-വ്യാവസായിക വളർച്ചയുണ്ടാകും. നാവായിക്കുളം വരെ ഔട്ടർ റിംഗ് റോഡിനിരുവശത്തും രണ്ടരക്കിലോമീറ്ററിൽ വ്യവസായ,വാണിജ്യ ശാലകളുയരും. ഇത് തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റും.തെക്കൻ ജില്ലകളിൽ ലോജിസ്റ്റിക്ക് പാർക്കുകളും വ്യവസായശാലകളും വരും.

തിരക്കേറിയ തുറമുഖം

ദക്ഷിണേഷ്യയിലെ തിരക്കേറിയ തുറമുഖമായി വിഴിഞ്ഞംമാറി. ലോകത്തെ ഏറ്റവും വലിയ കപ്പലുകളും വിഴിഞ്ഞത്ത് അനായാസം അടുപ്പിക്കാം. കൊളംബോയിലേക്കും യു.എ.ഇയിലെ ജെബൽഅലിയിലേക്കും പോയിരുന്ന മദർഷിപ്പുകൾ വിഴിഞ്ഞത്തേക്ക് വരികയാണിപ്പോൾ.

20,000കോടിയുമായി അദാനി

തുറമുഖവികസനത്തിന് 20000കോടി അദാനി പ്രഖ്യാപിച്ചിട്ടുണ്ട്. കൂറ്റൻ ട്രാൻഷിപ്പ്മെന്റ് പോർട്ടാക്കി മാറ്റുമെന്നാണ് പ്രഖ്യാപനം. 9600കോടി തുറമുഖത്തിന്റെ അടുത്തഘട്ടങ്ങളുടെ വികസനത്തിനാണ്. തുറമുഖത്തെ മാരിടൈം, ലോജിസ്റ്റിക് ഹബാക്കി മാറ്റാനുള്ളതാണ് ബാക്കി പദ്ധതികൾ. കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിംഗ് യൂണിറ്റ്, ക്രൂസ്ടെർമിനൽ എന്നിവയും വരും.

നിക്ഷേപം വരുംവഴികൾ

തുറമുഖത്തോടനുബന്ധിച്ച് 22മുൻഗണനാ വ്യവസായങ്ങളുണ്ടാവും. 5ഫോക്കസ് ഏരിയാകളിലാവും നിക്ഷേപങ്ങൾ.മാനുഫാക്ചറിംഗ്,ഇലക്ട്രോണിക്സ്,ഫാർമസ്യൂട്ടിക്കൽസ്,മെഡിക്കൽ ഉപകരണ നിർമ്മാണം എന്നിവയ്ക്ക് മുൻഗണന. അന്താരാഷ്ട്ര കടൽവ്യാപാരത്തിന് പുറമെ വ്യോമ,റോഡ് മാർഗങ്ങളുമുപയോഗിച്ചുള്ള മൾട്ടി മോഡൽ ലോജിസ്റ്റിക്സ് സേവനദാതാവായി വിഴിഞ്ഞത്തെ മാറ്റും.