പൊഴിമുറിക്കാനുള്ള നീക്കം മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കുന്നതെന്ന്

Friday 18 April 2025 1:59 AM IST

ചിറയിൻകീഴ്: പൊഴിമുറിക്കാനുള്ള സർക്കാരിന്റെയും ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെയും നീക്കം മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കുന്നതെന്ന് കോൺഗ്രസ്. പൊഴി മുറിക്കുന്നതിന് പകരം അഴിമുഖത്ത് അടിഞ്ഞു കൂടിയ മണൽ ഡ്രഡ്ജ് ചെയ്തും സോയിൽ പെപ്പിംഗ് നടത്തിയും ആഴംകൂട്ടി നീക്കം ചെയ്യുകയാണ് വേണ്ടത്. നിലവിൽ അഴിമുഖത്ത് എത്തിച്ചിരിക്കുന്ന ഉപകരണങ്ങൾ അഴിമുഖത്തെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിയുന്നതല്ല. ആഴം കൂട്ടിയില്ലെങ്കിൽ അപകടങ്ങളായിരിക്കും മത്സ്യത്തൊഴിലാളികളെ കാത്തിരിക്കുന്നത്. ആധുനിക സജീകരണങ്ങളോടെയുള്ള ഉപകരണങ്ങളെത്തിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ മാറ്റണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മുതലപ്പൊഴിയിൽ മണലടിഞ്ഞ് കൂടിയത് മുഖാന്തിരം തൊഴിൽ നഷ്ടപ്പെട്ട മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും ട്രേഡ് യൂണിയൻ ജീവനക്കാർക്കും മത്സ്യവിപണനം നടത്തുന്ന പ്രദേശവാസികൾക്കും ധനസഹായവും സൗജന്യ റേഷനും സർക്കാർ പ്രഖ്യാപിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ്,ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ആർ അഭയൻ എന്നിവർ സംയുക്തമായി ആവശ്യപ്പെട്ടു.