വീട്ടിൽ ഈ ചെടികളുണ്ടെങ്കിൽ കൊതുക് ഏഴയലത്ത് അടുക്കില്ല,​ രോഗങ്ങളും അകറ്റാം

Thursday 17 April 2025 11:30 PM IST

വീട്ടിൽ കുട്ടികൾക്കും മുതിർന്നവർക്കും അടക്കം ഏറ്റവും കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ് കൊതുക് ശല്യം. മഴക്കാലത്താണ് കൊതുക് ശല്യം രൂക്ഷമാകുന്നത്. ഉറക്കം കളയുന്നത് പോട്ടെ,​ ചിക്കുൻഗുനിയ,​ ഡെങ്കിപ്പനി,​ മലേറിയ തുടങ്ങി കൊതുകുകൾ പരത്തുന്ന രോഗങ്ങളുടെ പട്ടികയും നീണ്ടതാണ്. കൊതുക് തിരികളും സ്പ്രേകളും ഉൾപ്പെടെ കൊതുകിനെ അകറ്റാൻ ഉപയോഗിക്കാറുണ്ട്. എന്നാൽ ചില ചെടികൾ വീട്ടിൽ വളർത്തിയാലും കൊതുകിന്റെ ശല്യം ഒരു പരിധി വരെ പരിഹരിക്കാനാകും.

ഇ‌ഞ്ചിപ്പുല്ല് അഥവാ ലെമൺ ഗ്രാസ് കൊതുകിനെ അകറ്റുന്നതിൽ വളരെ ഫലപ്രദമാണ്. ഇഞ്ചിപ്പുല്ലിൽ നിന്നെടുക്കുന്ന സുഗന്ധ ദ്രവ്യം വിവിധ ഔഷധങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ചെണ്ടുമല്ലിയാണ് മറ്റൊന്ന്. നല്ല സുഗന്ധം ആണെങ്കിലും ഇതിന്റെ മണം ചില ജീവികൾക്ക് പഥ്യമല്ല. പച്ചക്കറികൾക്കൊപ്പം ചെണ്ടുമല്ലി വളർത്തുന്നത് പുഴുക്കൾ,​ പ്രാണികൾ എന്നിവയെ അകറ്റാനും സഹായിക്കും,​ വീടിന്റെ മുറ്റത്ത് ചെണ്ടുമല്ലി നടുന്നതാണ് കൊതുകിനെ നിയന്ത്രിക്കാൻ കൂടുതൽ ഫലപ്രദം.

വേപ്പിന്റെ ഔഷധ ഗുണം പ്രസിദ്ധമാണ്. ശക്തമായ കൊതുക് നാശിനി കൂടിയാണ് വേപ്പ്. വേപ്പ് അടങ്ങിയിട്ടുള്ള കൊതുക് നാശിനികളും ബാമുകളും വിപണിയിൽ ലഭ്യമാണ്. കൊതുക് ശല്യം അകറ്റാൻ വേപ്പ് മുറ്റത്ത് വളർത്തിയാൽ മതി. മറ്റൊരു ഔഷധ സസ്യമായ തുളസിയും കൊതുക് ശല്യം അകറ്റുന്നതിന് സഹായിക്കുന്നു. തുളസിയില ചതച്ചെടുത്ത വെള്ളം വീടിന് പുറത്തും അകത്തും തളിക്കുന്നത് കൊതുക് ശല്യം അകറ്റും. മുറ്റത്ത് നടുന്നതാണ് ഫലപ്രദമായ മാർഗം.