ടോള്‍ പിരിവ് നിറുത്തണം
Friday 18 April 2025 12:08 AM IST
തൃശൂർ: അങ്കമാലി മുതൽ പാലിയേക്കര വരെ ഫ്‌ളൈഓവറുകളുടെ നിർമ്മാണം പൂർത്തിയാകുന്നതുവരെ ടോൾ ഈടാക്കുന്നത് നിറുത്തിവയ്ക്കണമെന്ന് ബെന്നി ബെഹനാൻ എം.പി. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് എം.പി കത്തയച്ചു. അങ്കമാലി മുതൽ പാലിയേക്കര വരെയുള്ള ഏകദേശം 40 കിലോമീറ്റർ ദൂരത്തിൽ ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര, ആമ്പല്ലൂർ എന്നിവിടങ്ങളിൽ ഫ്‌ളൈഓവർ നിർമ്മാണം നടക്കുന്നതിനാൽ രൂക്ഷമായ ഗതാഗത കുരുക്കും സമയനഷ്ടവുമുണ്ട്. ഫ്‌ളൈ ഓവറുകളുടെ നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് ഈ സ്ഥലങ്ങളിൽ സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തീകരിക്കണമെന്ന് അധികൃതരോടും കേന്ദ്രസർക്കാരിനോടും ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതാണ് ഫ്‌ളൈ ഓവറുകളുടെ നിർമ്മാണവേളയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവാൻ കാരണമെന്നും എം.പി ചൂണ്ടിക്കാട്ടി.