നാഷണൽ ഹെറാൾഡ് കേസും കോൺഗ്രസ് പ്രതിസന്ധിയും

Friday 18 April 2025 12:11 AM IST

 പാർട്ടിയെ ഉടച്ചുവാർക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്ന സമയത്താണ് നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി കുറ്റപത്രം

ദേശീയ രാഷ്ട്രീയത്തിൽ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. 99 സീറ്റുകളിൽ വിജയിച്ച് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കരുത്ത് കൂട്ടാൻ കഴിഞ്ഞു. ഈ വർഷം ബീഹാറിലും അടുത്ത വർഷം കേരളത്തിലും പശ്ചിമബംഗാളിലും 2027ൽ ഗുജറാത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഗുജറാത്തിൽ അധികാരം പിടിക്കുമെന്ന് അഹമ്മദാബാദിലെ എ.ഐ.സി.സി സമ്മേളനത്തിൽ പരസ്യമായി പ്രഖ്യാപിച്ചു. 2025 സംഘടനാ പരിഷ്കാരത്തിന്റെ വർഷമായിരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. പാർട്ടിയെ ഉടച്ചുവാർക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്ന സമയത്താണ് നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി കുറ്റപത്രം. അതും പാർട്ടിയുടെ നെടുംതൂണുകളായ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും പ്രതികളാക്കി. ഡി.സി.സികളുടെ ശാക്തീകരണ നടപടികൾക്ക് ഏപ്രിൽ 15ന് ഗുജറാത്തിൽ തുടക്കമിട്ട അന്നാണ് കുറ്റപത്രം സമർപ്പിച്ച വാർത്ത പുറത്തുവന്നത്. അന്നുതന്നെ കള്ളപ്പണക്കേസിൽ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര‌യുടെ ചോദ്യംചെയ്യൽ ഇ.ഡി ആരംഭിച്ചതും പാർട്ടി നേതാക്കളെ അമ്പരപ്പിച്ചു.

രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതാക്കൾ. രാഷ്ട്രീയ പ്രേരിതമാണെന്നും,​ കള്ളപ്പണം ഇടപാടില്ലെന്നും പ്രവർത്തകരെ ഉൾപ്പെടെ ബോദ്ധ്യപ്പെടുത്താനാണ് ശ്രമം. കുറ്റപത്രം രാഷ്ട്രീയ പ്രേരിതമാണെന്ന് നേതാക്കൾ പറയുമ്പോഴും കോടതിയിലെ നടപടികൾ പാർട്ടിക്ക് തലവേദന സൃഷ്‌ടിക്കുമെന്ന് ഉറപ്പ്. തെളിവുണ്ടെന്ന് പ്രഥമദൃഷ്‌ട്യാ ബോദ്ധ്യപ്പെട്ട് വിചാരണക്കോടതി കുറ്റപത്രം സ്വീകരിച്ചാൽ പ്രതിസന്ധിയും തിരിച്ചടിയുമാകും. ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കും. ഡൽഹി ഹൈക്കോടതിയെയോ, സുപ്രീംകോടതിയെയോ സമീപിച്ച് കുറ്രപത്രത്തിലെ തുടർനടപടികൾ തടയണമെന്ന നിലപാടിലാണ് നേതാക്കൾ.

നെഹ്റു തുടങ്ങിയ പത്രം,

2000 കോടിയുടെ ആസ്തി

 1938ൽ ജവഹർലാൽ നെഹ്റുവാണ് നാഷണൽ ഹെറാൾഡ് പത്രം സ്ഥാപിക്കുന്നത്. അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡ്(എ.ജെ.എൽ) ആയിരുന്നു പ്രസാധകർ. നഷ്‌ടത്തിലായതിനെ തുട‌ർന്ന് 2008 ഏപ്രിലിൽ പ്രവർത്തനം അവസാനിപ്പിച്ചു.

 2000 കോടിയിൽപ്പരം വിലമതിക്കുന്ന എ.ജെ.എല്ലിന്റെ സ്വത്തുക്കൾ 50 ലക്ഷം രൂപയ്‌ക്ക് രാഹുലിനും സോണിയക്കും ഓഹരിയുള്ള യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.

 2014ൽ ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി അന്വേഷണം.

 ഓഹരികളിലെയും ഫണ്ട് ഇടപാടുകളിലെയും സുതാര്യതയില്ലായ്‌മ കോൺഗ്രസ് നേതാക്കൾ എങ്ങനെ പ്രതിരോധിക്കുമെന്ന സുപ്രധാന ചോദ്യമുയരുന്നു. എപ്പോഴും ഉയർത്തിപിടിക്കുന്ന ഭരണഘടന രാഹുലിന് തുണയാകുമോയെന്ന് കണ്ടുതന്നെയറിയണം.