റോമിലെ ജയിലിൽ മാർപാപ്പയുടെ അപ്രതീക്ഷിത സന്ദർശനം

Friday 18 April 2025 7:35 AM IST

വത്തിക്കാൻ സിറ്റി: റോമിലെ റെജീന ചേലി ജയിലിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഫ്രാൻസിസ് മാർപാപ്പ. ഇറ്റലിയിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജയിലുകളിൽ ഒന്നാണിത്. ഈസ്റ്ററിന് മുന്നോടിയായി ജയിൽ അന്തേവാസികൾക്കും ജീവനക്കാർക്കും ആശംസ നേരാനായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. 70 തടവുകാരുടെ സംഘത്തോടൊപ്പം അര മണിക്കൂർ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ഫെബ്രുവരി 14ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മാർപാപ്പ മാർച്ച് 23നാണ് വത്തിക്കാനിൽ തിരിച്ചെത്തിയത്. ഗുരുതര ന്യുമോണിയയെ അതിജീവിച്ച മാർപാപ്പയ്ക്ക് ഡോക്ടർമാർ രണ്ട് മാസത്തെ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്.

ഈ മാസം 6 മുതൽ മാർപാപ്പ പൊതുവേദിയിൽ ചെറിയ രീതിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആശുപത്രി വാസത്തിന് ശേഷം വത്തിക്കാന് പുറത്തേക്ക് അദ്ദേഹം നടത്തിയ ആദ്യ സന്ദർശനമായിരുന്നു പെസഹ ദിനമായ ഇന്നലത്തേത്. വത്തിക്കാനിൽ നിന്ന് വാഹനമാർഗ്ഗം 5 മിനിറ്റ് കൊണ്ട് ജയിലിലെത്താം. 2018ലാണ് മാർപാപ്പ അവസാനമായി ഇവിടെയെത്തിയത്.