പിറന്നാൾ നിറവിൽ ഫാറ്റു മുത്തശ്ശി

Friday 18 April 2025 7:35 AM IST

ബെർലിൻ : ലോകത്തെ ഏറ്റവും പ്രായകൂടിയ ഗോറില്ലയായ ഫാറ്റുവിന്റെ 68 -ാം പിറന്നാൾ ഗംഭീരമാക്കി ബെർലിൻ മൃഗശാല. ഫാറ്റുവിന് ഇഷ്ടപ്പെട്ട പഴങ്ങളും പച്ചക്കറികളും ചേർത്ത ബർത്ത് ഡേ സ്‌പെഷ്യൽ ബാസ്‌ക്കറ്റ് സമ്മാനിച്ചാണ് മൃഗശാല അധികൃതർ സർപ്രൈസ് നൽകിയത്.

ഏപ്രിൽ 11നായിരുന്നു പിറന്നാൾ ആഘോഷങ്ങൾ. ഏപ്രിൽ 13നാണ് ഔദ്യോഗിക പിറന്നാൾ ദിനമായി രേഖപ്പെടുത്തിയിട്ടുള്ളത്. ഫാറ്റുവിന് ഇപ്പോൾ പല്ലുകൾ ഇല്ലാത്തതിനാൽ മൃദുലവും കഴിക്കാൻ എളുപ്പമുള്ളതുമായ ഭക്ഷണമാണ് മൃഗശാല അധികൃതർ നൽകുന്നത്.

വെസ്റ്റേൺ ലോലാൻഡ് ഗോറില്ലയായ ഫാറ്റു 1959ലാണ് ബെർലിൻ മൃഗശാലയിലെത്തിയത്. കാട്ടിൽ ജീവിക്കുന്ന ഗോറില്ലകൾക്ക് ശരാശരി 40 വയസാണ് ആയുസ്. 1957ൽ പടിഞ്ഞാറൻ ആഫ്രിക്കൻ വനാന്തരങ്ങളിലാണ് ഫാറ്റുവിന്റെ ജനനം. ഒരു ഫ്രഞ്ച് നാവികൻ ഫാറ്റുവിനെ ഇവിടെ നിന്ന് വളർത്താനായി കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഫാറ്റുവിന് രണ്ട് വയസുള്ളപ്പോൾ നാവികൻ മൃഗശാലയ്ക്ക് കൈമാറുകയായിരുന്നു.

കോളോ, ട്രൂഡി എന്നീ ഗോറില്ലകളാണ് ഫാറ്റുവിന് മുന്നേ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നത്. ഇരു ഗോറില്ലകളും 60 വയസുവരെ ജീവിച്ചു. കോളോ 2017 ലാണ് ലോകത്തോട് വിടപറഞ്ഞത്. യു.എസിലെ ആർകാൻസാസ് മൃഗശാലയിൽ കഴിഞ്ഞിരുന്ന ട്രൂഡി 2019ൽ ഓർമ്മയായി.

നിലവിൽ വംശനാശ ഭീഷണി നേരിടുന്നവയാണ് വെസ്റ്റേൺ ലോലാൻഡ് ഗോറില്ലകൾ. കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഗാബോൺ, കോംഗോ എന്നിവിടങ്ങളിലെ കാടുകളിലാണ് ഇവയുടെ വാസം. എന്നാൽ, വന നശീകരണവും വേട്ടയാടലും ഇവയുടെ ജീവൻ അപകടത്തിലാക്കിയിരിക്കുകയാണ്.