ജഗൻ മോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും കനത്ത തിരിച്ചടി; 800 കോടിയോളം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

Friday 18 April 2025 3:18 PM IST

അമരാവതി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സ് (ഭാരത്) ലിമിറ്റഡിനും (ഡി സി ബി എൽ) എതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ നിർണായക നീക്കവുമായി ഇഡി. 800 കോടിയോളം വിലമതിക്കുന്ന സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടി.

ജഗൻ മോഹൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികളാണ്‌ കണ്ടുകെട്ടിയത്‌. ഇഡിയുടെ ഹൈദരാബാദ് യൂണിറ്റ് മാർച്ച് 31 ന് ജപ്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ഏപ്രിൽ 15 നാണ് ഡിസിബിഎല്ലിന് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ആന്ധ്ര മുഖ്യമന്ത്രിയാകുന്നതിന് മുമ്പുള്ള റെഡ്ഡിയുടെ ആദ്യകാല ബിസിനസ് നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. 2011ൽ സി ബി ഐ രജിസ്റ്റർ ചെയ്ത കേസിലാണ് പതിനാല് വർഷങ്ങൾക്ക് ശേഷം നടപടിയുണ്ടായിരിക്കുന്നത്.

ജഗൻ മോഹൻ റെഡ്ഡിയുടെ രഘുറാം സിമന്റ്സ് ലിമിറ്റഡിൽ ഡിസിബിഎൽ 95 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഇതിന് പ്രത്യുപകാരമായ 407 ഏക്കറിലെ ഖനനാനുമതി ഡാൽമിയ സിമന്റ്സ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് 2011 ൽ സി ബി ഐ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്‌തത്.