ആ മരുന്നു കുത്തിവച്ചാണോ ഖുശ്ബു തടികുറച്ചത്? രഹസ്യം ഞങ്ങളും അറിയട്ടെ, ചർച്ചയായി നടിയുടെ പുതിയ ലുക്ക്

Friday 18 April 2025 3:38 PM IST

അഭിനയത്തിൽ മാത്രമല്ല രാഷ്‌ട്രീയത്തിലും ശോഭിച്ച വ്യക്തിയാണ് ഖുശ്‌ബു സുന്ദർ. ഇപ്പോഴിതാ പുതിയ മേക്കോവറിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരം. തന്റെ ശരീരഭാരം കുറച്ചതിന്റെ വീഡിയോകളാണ് താരം പങ്കുവച്ചിരിക്കുന്നത്.

20 കിലോ ശരീരഭാരമാണ് 54-ാം വയസിൽ ഖുശ്‌ബു കുറച്ചത്. ഒമ്പത് മാസത്തെ ശ്രമത്തിനൊടുവിലാണ് നടി ഈ നേട്ടം കൈവരിച്ചത്. 'ബാക്ക് ടു ദി ഫ്യൂച്ചർ' എന്ന തലക്കെട്ടോടെയാണ് നടി വീഡിയോ പങ്കുവച്ചത്. നിമിഷങ്ങൾക്കകം തന്നെ നിരവധി കമന്റുകളും ലൈക്കും ചിത്രത്തിന് ലഭിച്ചു. എന്നാൽ, ഭൂരിഭാഗംപേരും നടിയെ പ്രശംസിച്ചപ്പോൾ മറ്റുചിലർ നെഗറ്റീവ് കമന്റുകളുമായി രംഗത്തെത്തി. ഇങ്ങനെ ഭാരം കുറയാൻ കാരണം 'മൗൻജാരോ' ഇഞ്ചക്ഷനാണ്. ഇതറിഞ്ഞാൽ ആരാധകർക്കും അവരുടെ ശരീരഭാരം കുറയ്‌ക്കാം എന്നായിരുന്നു അത്. ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഭക്ഷണക്രമത്തിനും വ്യായാമത്തിനുമൊപ്പം ഉപയോഗിക്കുന്ന ഒരു കുത്തിവയ്‌പ്പാണ് മൗൻജാരോ.

എന്നാൽ, അധികം വൈകാതെ തന്നെ ഖുശ്‌ബു ഇതിന് മരുപടിയുമായെത്തി. 'എത്ര വേദനാജനകമായ മനുഷ്യരാണ് നിങ്ങൾ. നിങ്ങൾ ഒരിക്കലും മുഖം കാണിക്കാറില്ല. കാരണം ഉള്ളിൽ നിന്ന് വിരൂപനാണെന്ന് നിങ്ങൾക്ക് തന്നെ അറിയാം. നിങ്ങളുടെ മാതാപിതാക്കളോട് എനിക്ക് സഹതാപം തോന്നുന്നു', എന്നായിരുന്നു താരത്തിന്റെ മറുപടി.

കൊവിഡ് ലോക്‌ഡൗൺ കാലത്താണ് നടി ആദ്യമായി ശരീരഭാരം കുറയ്‌ക്കാൻ തുടങ്ങിയത്. അന്ന് 93 കിലോ ആയിരുന്നു അവരുടെ ശരീരഭാരം. 'ഞാൻ രാവിലെ ഒരു മണിക്കൂർ വ്യായാമം ചെയ്യും. പിന്നെ വൈകിട്ട് 45 - 50 മിനിട്ട് നടക്കും. ഭക്ഷണവും നിയന്ത്രിച്ചിരുന്നു', എന്നാണ് നടി അന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞത്.