തനിക്കായി ക്ഷേത്രം പണിതിട്ടുണ്ട്, വിദ്യാർത്ഥികൾ പൂജകളും തന്റെ ചിത്രങ്ങളും സമർപ്പിക്കാറുണ്ടെന്നും നടി

Saturday 19 April 2025 10:49 AM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഒരു ക്ഷേത്രം തനിക്കായി സമർപ്പിച്ചിരിക്കുകയാണെന്ന നടി ഉർവശി റൗട്ടേലയുടെ അവകാശവാദം വിവാദത്തിൽ. അടുത്തിടെ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമർശം. ബദ്രിനാഥ് ക്ഷേത്രത്തിന് സമീപത്തുള്ള ഉർവശി ക്ഷേത്രം തനിക്കായി സമർപ്പിച്ചിരിക്കുകയാണെന്നാണ് നടി പറഞ്ഞത്. ഇതിൽ വലിയ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ് പ്രദേശവാസികളും ക്ഷേത്ര പൂജാരിമാരും.

'ഉത്തരാഖണ്ഡിൽ എന്റെ പേരിൽ ഒരു ക്ഷേത്രമുണ്ട്. ബദ്രിനാഥ് സന്ദർശിക്കുമ്പോൾ അതിന് സമീപത്തായി ഒരു ഉർവശി ക്ഷേത്രം കാണാം. ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥികൾ ഇവിടെ പൂജകൾ നടത്തുകയും എന്റെ ചിത്രങ്ങൾ മാലയായി സമർപ്പിക്കുകയും ചെയ്യാറുണ്ട്. 'ദംദമാമായ്' എന്നാണ് അവർ എന്നെ വിളിക്കുന്നത്. ഇതുസംബന്ധിച്ച് റിപ്പോർട്ടുകളുണ്ട്'- എന്നായിരുന്നു നടി അഭിമുഖത്തിൽ പറഞ്ഞത്.

എന്നാൽ ഉർവശിയുടെ അവകാശവാദം തള്ളിയിരിക്കുകയാണ് പ്രദേശത്തെ പൂജാരിമാർ. ഉർവശിയുടെ പ്രസ്‌താവനകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബദ്രിനാഥ് ദാമിലെ ഉദ്യോഗസ്ഥനായ ഭുവൻ ചാന്ദ്ര ഉനിയാൽ പറഞ്ഞു. ദേവി ഉർവശിക്കാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്, നടിക്കല്ല. 108 ശക്തിപീഠങ്ങളിൽ ഒന്നാണ് ക്ഷേത്രം. അത് നടിയുടെ ക്ഷേത്രമല്ല, അത്തരം പ്രസ്‌താവനകൾ അംഗീകരിക്കാനാവില്ല. ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ സ‌ർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭുവൻ ചാന്ദ്ര ഉനിയാൽ ആവശ്യപ്പെട്ടു. നടിയുടെ പ്രസ്‌താവന ജനങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് ബ്രഹ്മ കപാൽ തീർത്ഥ് പുരോഹിത് സൊസൈറ്റി പ്രസിഡന്റ് അമിത് സതി ചൂണ്ടിക്കാട്ടി.