ഭർത്താവില്ലാത്തപ്പോൾ വീട്ടിലെത്തും, മക്കളെ മറ്റൊരു മുറിയിലാക്കും; ഒടുവിൽ മകളുടെ ഭർതൃപിതാവിനൊപ്പം ഒളിച്ചോടി 43കാരി

Saturday 19 April 2025 11:53 AM IST

ലക്‌നൗ: മകളുടെ ഭർതൃപിതാവിനൊപ്പം 43കാരി ഒളിച്ചോടി. ഉത്തർപ്രദേശിലെ ബഡാൻ സ്വദേശിയായ മമ്‌ത എന്ന സ്‌ത്രീയാണ് മകളുടെ ഭർതൃപിതാവായ ഷൈലേന്ദ്ര (46) എന്ന ബില്ലുവിനൊപ്പം ഒളിച്ചോടിയത്. വീട്ടിലുണ്ടായിരുന്ന പണവും സ്വർണവുമായാണ് മമ്‌ത കടന്നുകളഞ്ഞതെന്ന് ഭർത്താവ് സുനിൽ കുമാ‌ർ പറഞ്ഞു.

മമ്‌തയ്‌ക്ക് നാല് മക്കളുണ്ട്. അതിൽ ഒരു മകളെ 2022ൽ വിവാഹം കഴിപ്പിച്ചിരുന്നു. ഈ മകളുടെ ഭർത്താവിന്റെ പിതാവാണ് ഷൈലേന്ദ്ര. ലോറി ഡ്രൈവറായ സുനിൽ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് വീട്ടിൽ വരാറുള്ളത്. പലപ്പോഴും സുനിൽ കുമാർ ദൂരെയാത്രകൾക്ക് പോകുമ്പോഴെല്ലാം ഷൈലേന്ദ്രയെ ഇവർ വീട്ടിലേക്ക് വിളിച്ചുവരുത്താറുണ്ട്. ഇയാൾ വരുമ്പോഴെല്ലാം തങ്ങളോട് മറ്റൊരു മുറിയിൽ പോയിരിക്കാൻ അമ്മ ആവശ്യപ്പെടാറുണ്ടെന്ന് മമ്‌തയുടെ മകൻ പറഞ്ഞു.

'വീട്ടിലെ ചെലവ് നോക്കാനായാണ് പലപ്പോഴും ദൂരെയാത്രകൾ ചെയ്‌തിരുന്നത്. വീട്ടിലെത്തിയില്ലെങ്കിലും ആവശ്യമുള്ള പണം കൃത്യമായി വീട്ടിൽ അയക്കുന്നുണ്ടായിരുന്നു. ഞാൻ ഇല്ലാത്ത സമയങ്ങളിൽ ഭാര്യ ഷൈലേന്ദ്രയെ വിളിച്ചുവരുത്തുന്ന കാര്യം അറിഞ്ഞിരുന്നില്ല', സുനിൽ കുമാർ പറഞ്ഞു.

പതിവായി രാത്രിയെത്തുന്ന ഷൈലേന്ദ്ര നേരം പുലരുമ്പോൾ മടങ്ങിപ്പോകുന്നത് കാണാമായിരുന്നു എന്ന് അയൽവാസിയായ അവദേശ് കുമാർ പറഞ്ഞു. ബന്ധുക്കളായതിനാൽ സംശയം തോന്നിയിരുന്നില്ലെന്നും അവദേശ് പറഞ്ഞു. സംഭവത്തിൽ സുനിൽകുമാർ പൊലീസിൽ പരാതി നൽകി. കാണാതായവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.