'വ്യാജ ക്രിസ്ത്യാനിയിൽ നിന്നുളള വാക്കുകൾ'; ദുഃഖ വെളളിയാഴ്ച സന്ദേശം പങ്കുവച്ച ജെ ഡി വാൻസിനെതിരെ വിമർശനം

Saturday 19 April 2025 2:56 PM IST

വാഷിംഗ്ടൺ: സോഷ്യൽ മീഡിയയിൽ ദുഃഖ വെളളിയാഴ്ച സന്ദേശം പങ്കുവച്ചതിന് പിന്നാലെ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. എക്സിലൂടെയാണ് അദ്ദേഹം സന്ദേശം പങ്കുവച്ചത്. 'കർത്തവ്യം നിറവേ​റ്റുന്നതിൽ സന്തോഷവാനാണ്. പക്ഷെ ഇന്ന് ഔദ്യോഗിക ചുമതലകൾ മാ​റ്റി വച്ച് റോമിൽ എത്തി. പ്രധാനമന്ത്രി മെലോണിയുമായി ഒരു കൂടിക്കാഴ്ച ഉണ്ടായിരുന്നു. മനോഹരമായ നഗരത്തിൽ എന്റെ കുടുംബത്തോടൊപ്പം പളളിയിൽ പോകും. ലോകത്തുളള എല്ലാ ക്രിസ്തു മത വിശ്വാസികൾക്കും ആശംസകൾ നേരുന്നു. നമുക്ക് ജീവിക്കാനാണ് അദ്ദേഹം മരിച്ചത്'- അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

ഇതിനുപിന്നാലെ ജെ ഡി വാൻസിനെ വിമർശിച്ചും പരിഹസിച്ചും നിരവധിയാളുകൾ രംഗത്തെത്തുകയായിരുന്നു. ഭാര്യ ഹിന്ദുവായതിനാൽ വ്യാജ ക്രിസ്ത്യാനിയാണെന്ന് ഒരാൾ ജെ ഡി വാൻസിനെ സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചു. മ​റ്റൊരാൾ ജെ ഡി വാൻസിന്റെയും ഭാര്യ ഉഷാ വാൻസിന്റെയും വിവാഹച്ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ബൈബിളിനെയോ ഭരണഘടനെയെയോ ശ്രദ്ധിക്കാത്ത വ്യാജ ക്രിസ്ത്യാനി പറയുന്നുവെന്ന് മറ്റൊരാൾ പ്രതികരിച്ചു. നിങ്ങൾക്ക് സാധിക്കുമെങ്കിൽ യേശുവിനെ നാടുകടത്തു. വ്യാജ ക്രിസ്ത്യാനിയിൽ നിന്നുളള വ്യാജ വാക്കുകൾ എന്നിങ്ങനെ വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിച്ചത്.

ജെ ഡി വാൻസിനും ഭാര്യ ഉഷയ്ക്കും ഇതിന് മുൻപും നിരവധി വിമർശനങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിനെതിരെ ഉഷ വാൻസ് അടുത്തിടെ പ്രതികരണവുമായി രംഗത്തെത്തുകയുണ്ടായി.