വേണം മുണ്ടക്കയത്ത് ഹയർസെക്കൻഡറി സ്‌കൂൾ........... പഠനമുറിയിലെത്താൻ ദുരിതവും ദൂരവുമേറെ
മുണ്ടക്കയം : പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികൾ ഫലത്തിനായി കാത്തിരിക്കുമ്പോൾ ഉപരിപഠനത്തിന് മക്കളെ ഏത് സ്‌കൂളിൽ ചേർക്കുമെന്ന ആശങ്കയിലാണ് മുണ്ടക്കയത്തെ മാതാപിതാക്കൾ. അടുത്തുള്ളത് ഒരേയൊരു ഹയർസെക്കൻഡറി സ്‌കൂൾ. മുരിക്കുംവയലിൽ. പിന്നെയുള്ളത് 15 - 20 കിലോമീറ്റർ മാറി 4 സ്‌കൂളുകളാണ്. ആ യാത്ര അല്പം കഠിനമാണ്. വനാതിർത്തി മേഖല ഒപ്പം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന വഴികൾ. മാനത്ത് കാർമേഘം ഉരുണ്ടുകൂടുമ്പോൾ മാതാപിതാക്കളുടെയുള്ളിൽ തീയാണ്. വൈകിട്ട് മക്കൾ വരുന്നതും കാത്തിരിപ്പാണ്. കൂട്ടിക്കൽ പഞ്ചായത്തിലെ ഏന്തയാർ, പെരുവന്താനം പഞ്ചായത്തിലെ ചുഴുപ്പ്, കൊക്കയാർ പഞ്ചായത്തിലെ കുറ്റിപ്ലാങ്ങാട്, കോരത്തോട് എ ന്നിവിടങ്ങളിലാണ് മറ്റ് ഹയർ സെക്കൻഡറി സ്‌കൂളുകൾ. ടൗണിലും സമീപ പ്രദേശങ്ങളിലുമായുള്ള ഹൈസ്‌കൂളുകളിൽ നിന്ന് ഓരോ വർഷവും ആയിരത്തിലധികം വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ പാസാകുന്നത്. നൂറിലധികം വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസുമുണ്ട്. മുരിക്കുംവയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വണ്ണിന് 200 ഓളം സീറ്റുകളാണുള്ളത്.
പെൺകുട്ടികളുടെ കാര്യം കഷ്ടം
സ്‌പെഷ്യൽ ക്ലാസ് ഉൾപ്പെടെ കഴിഞ്ഞ് ബസ് കയറി മുണ്ടക്കയത്തെത്തി തിരികെ വീട്ടിൽ എത്തമ്പോഴേക്കും നേരം സന്ധ്യയാകും. പെൺകുട്ടികൾക്കാണ് കൂടുതൽ ദുരിതം. മുണ്ടക്കയം ടൗൺ കേന്ദ്രമായി ഹയർസെക്കൻഡറി സ്‌കൂൾ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിവിധ മാനേജ്‌മെന്റുകളും, രാഷ്ട്രീയ പാർട്ടികളുമെല്ലാം നിരവധിത്തവണ ഇത് സംബന്ധിച്ച് നിവേദനം നൽകിയെങ്കിലും ഫലം ഉണ്ടായില്ല. മുണ്ടക്കയം ടൗണിന് സമീപമുള്ള സെന്റ് ആന്റണീസ്, സെന്റ് ജോസഫ്, സി.എം.എസ് ഹൈസ്‌കൂളുകളിൽ എവിടെയെങ്കിലും ഹയർ സെക്കൻഡറി ബാച്ച് അനുവദിച്ചാൽ വിദ്യാർത്ഥികളുടെ ദുരിതത്തിന് പരിഹാരമാകും.