പോരാടുന്നത് എല്ലാ സംസ്ഥാനങ്ങൾക്കും വേണ്ടി, ഏത് ഷാ വന്നാലും തമിഴ്നാടിനെ ഭരിക്കാൻ കഴിയില്ലെന്ന് എം കെ സ്റ്റാലിൻ

Saturday 19 April 2025 7:00 PM IST

ചെന്നൈ: കേന്ദ്ര ഏജൻസികളുടെ റെയ്ഡ് ഭയന്നാണ് എ.ഐ.എ.ഡി.എം.കെ ബി.ജെ.പി സഖ്യത്തിൽ ചേർന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. എ.ഐ.എ.ഡി.എം.കെ സഖ്യത്തെ തട്ടിപ്പുസഖ്യമെന്നും സ്റ്റാലിൻ വിശേഷിപ്പിച്ചു,​ ഏത് ഷാ വന്നാലും തമിഴ്‌നാടിനെ ഭരിക്കാൻ കഴിയില്ലെന്നും തിരഞ്ഞെടുപ്പിൽ വിജയം ‌ഡി.എം.കെയുടേതാണെന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്‌നാട് എപ്പോഴും ഡൽഹിയുടെ നിയന്ത്രണത്തിന് പുറത്തായിരിക്കുമെന്നും സർക്കാർ പരിപാടിയിൽ സംസാരിക്കവെ സ്റ്റാലിൻ വ്യക്തമാക്കി.

സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ബി.ജെ.പി നീറ്റിൽ ഇളവ് നൽകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഹിന്ദി നിർബന്ധിതമാക്കില്ല,​ പുതിയ മണ്ഡല രൂപീകരണം വഴി തമിഴ്‌നാടിന്റെ പ്രാതിനിധ്യം കുറയില്ലെന്ന് ഉറപ്പുനൽകാനാകുമോ എന്നീ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങൾക്കും വേണ്ടിയാണ് തമിഴ്നാട് പോരാടുന്നതെന്ന് സ്റ്റാലിൻ പറ‌ഞ്ഞു. സംസ്ഥാനങ്ങൾ അവകാശങ്ങൾ ചോദിക്കുന്നതെങ്ങനെയാണ് തെറ്റാകുന്നത്. കേന്ദ്രസർക്കാർ പരാജയപ്പെട്ടത് കൊണ്ടാണ് ഞങ്ങൾക്ക് ചരിത്രവിധി തേടി സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടി കേന്ദ്രത്തോട് യാചിക്കണമെന്ന് പറഞ്ഞ മോദിയുടെ പ്രസ്താവനയെക്കുറിച്ച് സ്റ്രാലിൻ ഓർമ്മപ്പെടുത്തി. ആരുടെയും കാലിൽ വീഴുന്ന വ്യക്തിയല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.