പ്രണവ് മോഹൻലാൽ ചിത്രവും നോബഡിയും തിരുവനന്തപുരത്ത്

Sunday 20 April 2025 4:16 AM IST

പൃഥ്വിരാജ് - പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന നോബഡി എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം അടുത്ത മാസം അവസാനം തിരുവനന്തപുരത്ത് ആരംഭിക്കും. കൊച്ചിയിൽ നോബഡിയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം അടുത്ത ആഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും. ചിത്രത്തിന്റെ അവസാന ചിത്രീകരണമാണ് തിരുവനന്തപുരത്ത് . നോബഡിയും തിരുവനന്തപുരത്തെ ചിത്രീകരണത്തോടെ പൂർത്തിയാകും. ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വന്ന തെന്നിന്ത്യ താരം സുഷ‌്‌മിത ഭട്ട് ആണ് പ്രണവ് ചിത്രത്തിൽ നായിക. അശോകൻ, മധുപാൽ, വിനയ് ഫോർട്ട്, ഹക്കിം ഷാ, ലുക്‌മാൻ, ഗണപതി തുടങ്ങിയവരാണ് നോബഡിയിലെ മറ്റു താരങ്ങൾ. രചന: സമീർ അബ്ദുൾ. പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്, ഇ ഫോർ എക്സ്‌പരിമെന്റ്‌സ് എന്നീ ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. ഭ്രമയുഗത്തിനുശേഷം നൈറ്റ് ഷിഫ്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് പ്രണവ് മോഹൻലാൽ - രാഹുൽ സദാശിവൻ ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ബ്ളാക്ക് ആൻഡ് വൈറ്റ് ബ്ളോക് ബസ്റ്റർ ചിത്രം ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്.