വൈക്കം സത്യഗ്രഹം രാജ്യത്തെ നിരവധി സമര പോരാട്ടങ്ങൾക്ക് ഊർജം പകർന്നു : എം.എ.ബേബി
വൈക്കം : ഇന്ത്യയിലെ നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായ വൈക്കം സത്യഗ്രഹം രാജ്യത്തെ നിരവധി സമര പോരാട്ടങ്ങൾക്ക് ഊർജം പകർന്നെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. അഖിലേന്ത്യ സമാധാന ഐക്യദാർഢ്യസമിതി (ഐപ്‌സോ) സംസ്ഥാന കൺവെൻഷനും, വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ കൂടി ഭാഗമായിരുന്നു വൈക്കം സത്യഗ്രഹം. കോൺഗ്രസിന്റെ കാക്കിനട സമ്മേളനമാണ് ഇതുസംബന്ധിച്ച രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടത്. ശ്രീനാരായണ ഗുരുവിന്റെ അംഗീകാരത്തോടെയാണ് ടി.കെ മാധവൻ കാക്കിനട കോൺഗ്രസ് സമ്മേളനത്തിൽ വിഷയം ഉന്നയിച്ചത്. അയിത്താചരണം ദേവഹിതത്തിന് എതിരായിരുന്നു എന്ന വിശ്വാസക്കാരനായിരുന്നു മഹാത്മാഗാന്ധി. ഇന്ത്യൻ നവോത്ഥാന പോരാട്ടത്തിലെ വലിയൊരു സമരപരീക്ഷണമായിരുന്നു വൈക്കം സത്യഗ്രഹം. സമൂഹത്തെ നവീകരിക്കുന്നതിന് അത് വഴിത്തിരിവായി. വ്യത്യസ്ത മതജാതി വിഭാഗങ്ങളിൽപെട്ടവർ ഈ സമരത്തിൽ പങ്കാളികളായി. എന്നാൽ ഇന്ന് ഇണ്ടംതുരുത്തി മനയിൽ മഹാത്മഗാന്ധിയെ പുറത്തിരുത്തിയ മനോഭാവക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. വിഷലിപ്തമായ ആപത്കരമായ വർഗീയ ശക്തികൾക്കും അവരുടെ മുഖ്യസംഘാടകരായ ആർ.എസ്.എസിനും എതിരായ പോരാട്ടം ശക്തിപ്പെടുത്തലാണ് നമ്മുടെ മുഖ്യചുമതല. അത് ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ്. അതോടൊപ്പം ലോകസമാധാനവും വലിയ ഭീഷണികളെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈക്കം സത്യഗ്രഹത്തിൽ ശ്രീനാരായണഗുരു ശിവബോധത്തെയാണ് മനുഷ്യരിലേക്ക് എത്തിക്കാൻ ശ്രമിച്ചതെന്നും ശിവബോധം എല്ലാ മനുഷ്യരെയും ഉൾക്കൊള്ളുന്നതാണെന്നും വിഷയാവതരണം നടത്തിയ മുൻമന്ത്രി മുല്ലക്കര രത്നാകരൻ പറഞ്ഞു. വൈക്കം ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥൻ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ ഐപ്‌സോ ജനറൽ സെക്രട്ടറി അഡ്വ. വി.ബി ബിനു അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സി.കെ ആശ എം.എൽ.എ, സി.ആർ.ജോസ് പ്രകാശ്, അഡ്വ. കെ അനിൽകുമാർ, സി.പി നാരായണൻ, ഡോ. പി.കെ ജനാർദ്ദനകുറുപ്പ്, ഇ വേലായുധൻ, അഡ്വ. എം.എ.ഫ്രാൻസിസ്, ബൈജു വയലത്ത്, ഡോ. സി ഉദയകല, കെ.ശെൽവരാജ്, ചന്ദ്രബാബു എടാടൻ എന്നിവർ പ്രസംഗിച്ചു. ബാബു ജോസഫ് സ്വാഗതവും, അഡ്വ. കെ.ആർ ശ്രീനിവാസൻ നന്ദിയും പറഞ്ഞു.