സർവകലാശാല ചോദ്യപേപ്പർ ചോർച്ച: കെ.എസ്.യു പ്രതിഷേധ മാർച്ചിൽ ഉന്തും തള്ളും

Saturday 19 April 2025 9:23 PM IST

കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലെ ഗ്രീൻവുഡ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.സി.എ പരീക്ഷ ചോദ്യപ്പേപ്പർ ചോർന്നതിൽ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളും. യൂണിവേഴ്സിറ്റി പ്രവേശന കവാടത്തിന്റെ ഗ്രിൽസ് തള്ളിത്തുറന്ന് അകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കി. ബലപ്രയോഗം കെ എസ്.യു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളിലും വാക്കേറ്റത്തിലും കലാശിക്കുകയായിരുന്നു.

ബലപ്രയോഗത്തിലൂടെയാണ് കണ്ണൂർ ടൗൺ എസ്.ഐ വി.വി.ദീപ്തിയുടെ നേതൃത്വത്തിൽ കെ.എസ്.യു പ്രവർത്തകരെ പൊലീസ് വാഹനത്തിൽ കയറ്റിയത്.കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ആഷിത്ത് അശോകൻ,​അർജുൻ കോറോം, കാവ്യ ദിവാകരൻ, അഭിജിത്ത് മടത്തിക്കുളം, അനഘ രവീന്ദ്രൻ,ടി.നഹീൽ , തീർത്ഥ നാരായണൻ, അർജുൻ ചാലാട്, വൈഷ്ണവ് കായലോട്, ചാൾസ് സണ്ണി, കെ.അബിൻ ,പ്രകീർത്ത് മുണ്ടേരി,ദേവനന്ദ കാടാച്ചിറ എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.

യൂണിവേഴ്സിറ്റിയിലേക്ക് നടന്ന പ്രതിഷേധ മാർച്ചും ധർണയും ജില്ലാ പ്രസിഡന്റ് എം.സി അതുൽ

ഉദ്ഘാടനം ചെയ്തു. സമരത്തെ നേരിടുന്നതിനായി കനത്ത സുരക്ഷാ ക്രമീകരണങ്ങൾ കണ്ണൂർ ടൗൺ പൊലീസ് ഏർപ്പെടുത്തിയിരുന്നു.