കിഴിവ് തർക്കം : പത്ത് ലോഡ് നെല്ല് രണ്ടാഴ്ചയായി പാടത്ത്

Sunday 20 April 2025 1:54 AM IST

ആലപ്പുഴ : കിഴിവ് തർക്കത്തിൽ തകഴി തറയിക്കരി പാടശേഖരത്തിൽ നെല്ല് സംഭരണം മുടങ്ങി. തകഴി പഞ്ചായത്ത് 12 -ാം വാർഡിലെ കൊയ്ത്ത് കഴിഞ്ഞ 130 ഏക്കർ പാടത്തെ 10 ലോഡോളം നെല്ലാണ് വേനൽമഴയ്ക്കിടെ ടാർപോളിനടിയിൽ കൂട്ടിയിട്ടിരിക്കുന്നത്.

സമീപത്തെ പാടശേഖരങ്ങളിലെ നെല്ല് കിഴിവില്ലാതെ ഏറ്റെടുത്ത മില്ലുകാർ ഇവിടെ നിന്ന് നെല്ലെടുക്കാൻ ആദ്യം സന്നദ്ധരായിരുന്നെങ്കിലും പിന്നീട് പിൻവാങ്ങി. വേനൽമഴയെ തുടർന്നുള്ള കിഴിവ് തർക്കമാണ് സംഭരണത്തിന് തടസമായത്. ക്വിന്റലിന് 23 കിലോയാണ് കിഴിവായി മില്ലുകാർ ആവശ്യപ്പെട്ടത്. ഇതിന് കർഷകർ വിസമ്മതിച്ചതോടെ 20 കിലോയായി കിഴിവ് കുറയ്ക്കാൻ മില്ലുകാർ തയ്യാറായെങ്കിലും സംഭരണത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല

ബണ്ടോ റോഡോ ഇല്ലാത്ത പാടത്ത് കൃഷിയും കൊയ്ത്തും കർഷക‌ർക്ക് വലിയ ബാദ്ധ്യതയായിരിക്കെയാണ് കൊയ്തെടുത്ത നെല്ല് സംഭരിക്കുന്നതിലും പ്രതിസന്ധി ഉടലെടുത്തത്. കൃഷിയ്ക്കായി പുറം ബണ്ട് ബലപ്പെടുത്തുന്നതിനായി രണ്ടാം കുട്ടനാട് പാക്കേജിൽ 6 വർഷം മുമ്പ് ആരംഭിച്ച പദ്ധതി 600 മീറ്റർ ബണ്ട് ബലപ്പെടുത്തലിലൊതുങ്ങി. പാടത്ത് വെള്ളം കയറ്റിയിറക്കുന്നതിന് മോട്ടോർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ഒന്നര വർഷമായി മോട്ടോർ പ്രവർത്തനരഹിതമാണ്. പാടത്തെ വെള്ളം വറ്റിക്കുന്നതിലുണ്ടായ താമസമാണ് കൃഷിയും വിളവെടുപ്പും വൈകാൻ ഇടയാക്കിയത്.

 വള്ളങ്ങൾ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ജങ്കാറിലാണ് ഇവിടെ കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കുന്നത്

 മൂന്ന് കൊയ്ത്ത് മെഷീനുകൾ എത്തിക്കുന്നതിനായി ഒന്നിന് പതിനായിരം രൂപവീതം 30,000 രൂപ ചെലവ് വരും

 കൈകാര്യചെലവിനത്തിലും മറ്റ് പാടങ്ങളെ അപേക്ഷിച്ച് ക്വിന്റലിന് 250 രൂപവരെ ചെലവാകും

 അധികരിച്ച ചെലവുകൾക്കൊടുവിൽ യഥാസമയം സംഭരണം നടത്താനാകാത്തതും വെല്ലുവിളിയാണ്

ഓരുവെള്ളവും പതിരും

കുട്ടനാട് മേഖലയിൽ വൈകി കൃഷിയിറക്കിയ പാടങ്ങളിലാണ് ഓരുവെള്ള ഭീഷണിയും തുടർന്നുള്ള പതിർകോളും കൃഷിനാശത്തിനും കർഷകർക്ക് വലിയ നഷ്ടത്തിനും ഇടയാക്കിയത്.കിഴിവ് തർക്കത്തിൽ സംഭരണം വഴിമുട്ടിയ ആലപ്പുഴ തയ്യിൽ കായൽ പാടശേഖരത്തിലെ നെല്ലും ഇപ്പോഴും പാടത്തുതന്നെ തുടരുകയാണ്. നെല്ലേറ്റെടുക്കാൻ തയ്യാറാകാത്ത മില്ലുകാരുടെ നടപടിയിൽ പ്രതിഷേധിച്ച് നാളെ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാനാണ് കർഷകരുടെ നീക്കം.

നെല്ല് സംഭരണം തത് സ്ഥിതി

 കൊയ്ത്ത് പൂർത്തിയായത് : 76.85 ശതമാനം

 കൃഷി ഏക്കറിൽ - 68,678

 കർഷകർ- 32358

 സംഭരിച്ച നെല്ല് - 82906. 83 മെട്രിക് ടൺ

 പ്രതീക്ഷിക്കുന്ന വിളവ് - 1283857.945 മെട്രിക് ടൺ

ഓരുവെള്ളമാണ് താമസിച്ച് കൃഷിയിറക്കിയ പാടങ്ങളിലെല്ലാം പതിര് കൂടാൻ കാരണമായത്. വിള നഷ്ടത്തിനൊപ്പം കിഴിവിന്റെ പേരിൽ മില്ലുകാർ നടത്തുന്ന ചൂഷണവും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അടുത്ത തവണ മുതൽ കൃഷി ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരാകും

- അജയകുമാർ, സെക്രട്ടറി,തറയിക്കരി പാടശേഖര സമിതി