കെ.എസ്.ഡി.പി മെഡി മാർട്ടിൽ ഹോം ഡെലിവറി അടുത്താഴ്ച മുതൽ

Sunday 20 April 2025 12:56 AM IST

ആലപ്പുഴ : പൊതുമേഖല സ്ഥാപനമായ പാതിരപ്പള്ളിയിലെ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ (കെ.എസ്.ഡി.പി) ഹോം ഡെലിവറി സംവിധാനം അടുത്തയാഴ്ച പ്രവർത്തനം ആരംഭിക്കും. കൂടുതൽ മരുന്നുകൾ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. സുവർണ്ണജൂവലി ആഘോഷത്തിന്റെ ഭാഗമായി കുറഞ്ഞ നിരക്കിൽ മരുന്നുകളും സർജിക്കൽ ഉപകരങ്ങളും ലഭ്യമാക്കുന്ന കെ.എസ്.ഡി.പി മെഡി മാർട്ട് എന്ന പേരിലുള്ള പദ്ധതി കഴിഞ്ഞ 8ന് മന്ത്രി പി.രാജീവാണ് ഉദ്ഘാടനം ചെയ്തത്.

സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെ.എസ്.ഡി.പി ഉത്പാദിപ്പിക്കുന്ന മരുന്നുകളുമായി ഫാർമസി ശൃംഖല സംസ്ഥാന തലത്തിൽ വ്യാപിക്കാനാണ് ലക്ഷ്യം.ഇതിനായി സർക്കാർ- അർദ്ധസർക്കാർ സ്ഥാപനങ്ങളുടെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിട സൗകര്യം പ്രയോജനപ്പെടുത്തും. ജില്ല, താലൂക്ക്, ജനറൽ ആശുപത്രികളിലും കെ.എസ്.ആർ.ടി.സിഷോപ്പിംഗ് കോപ്ളക്സിലെ മുറികളും ഫാർമസി ശൃംഖലക്ക് ഉപയോഗിക്കാനാണ് നീക്കം. ഫാർമസി ശൃംഖലയുടെ വ്യാപനത്തോടെ കുറഞ്ഞ നിരക്കിൽ മരുന്നുകൾ സാധാരണക്കാരന്റെ കൈകളിൽ എത്തിക്കാനാകും.

ആദ്യഘട്ടത്തിൽ 5കിലോമീറ്ററിൽ

 ആദ്യഘട്ടത്തിൽ കെ.എസ്.ഡി.പിയുടെ 5 കിലോമീറ്റർ ചുറ്റളവിലാണ് ഹോം ഡെലിവറി സംവിധാനം

 സമീപഭാവിയിൽ കേരളത്തിലുടനീളം ഫാർമസി ശൃംഖല ആരംഭിക്കാനാണ് ലക്ഷ്

 കെ.എസ്.ഡി.പി ഉത്പാദിപ്പിക്കുന്ന 90 മരുന്നുകളും മറ്റു പ്രധാനപ്പെട്ട കമ്പനികളുടെ മരുന്നുകളും മെഡി മാർട്ടിൽ നിന്ന് ലഭിക്കും

 മെഡി മാർട്ടിൽ മരുന്നുകൾക്ക് 10 മുതൽ 90ശതമാനം വരെ വിലക്കുറവുണ്ടാകും

 ഹോം ഡെലിവറി വ്യാപിക്കുന്നതോടെ കെ.എസ്.ഡി.പിക്ക് കടം ഇല്ലാതെ മരുന്ന് വില്പന നടത്താനാകും

വിതരണക്കൂലിയില്ല

ഹോം ഡെലിവറി തികച്ചും സൗജന്യമായിരിക്കും. ഫാർമസിയുടെ വാട്ട്സാപ്പ് നമ്പരിൽ ഡോക്ടർ നൽകിയിട്ടുള്ള മരുന്നിന്റെ കുറുപ്പടിയും വീട് കണ്ടെത്തുന്നതിനായി രോഗിയുടെയോ ബന്ധുവിന്റെയോ ടെലിഫോൺ നമ്പരും ഇട്ടാൽ ഹോം ഡെലിവറി സംവിധാനത്തിന്റെ സേവനം ലഭിക്കും.

മെഡി മാർട്ടിന്റെ സേവനങ്ങൾക്കും വിവരങ്ങൾക്കും 8089330170.

"മെഡി മാർട്ട് പദ്ധതി ശക്തിപ്പെടുത്തും. സാധാരണക്കാരന് ആവശ്യമുള്ള മരുന്ന് വീടുകളിൽ എത്തിച്ചു കൊടുക്കുന്ന പദ്ധതി സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കും.

-സി.ബി.ചന്ദ്രബാബു, ചെയർമാൻ, കെ.എസ്.ഡി.പി