വിവാഹ  വേദിയിൽ  വച്ച്  വരനൊരു  സംശയം; വധുവിന്റെ  മൂഖപടം  മാറ്റിയതിന് പിന്നാലെ എല്ലാവരും ഞെട്ടി

Sunday 20 April 2025 12:01 AM IST

ലക്നൗ: വിവാഹ വേദിയിൽ വച്ച് വരനൊരു സംശയം, വധുവിന്റെ മൂഖപടം മാറ്റിയതിന് പിന്നാലെ ഞെട്ടി 22കാരനായ വരൻ. വേദിയിൽ കല്യാണപെണ്ണിന്റെ വേഷത്തിലെത്തിയത് വധുവിന്റെ 45കാരിയായ അമ്മ. പിന്നാലെ വരൻ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. ഉത്തർപ്രദേശ് മീററ്റിലെ ബ്രഹ്മപുരിയിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിനിടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ബ്രഹ്മപുരിയിൽ നിന്നുള്ള 22കാരനായ മുഹമ്മദ് അസീമും 21കാരിയായ മന്‌താഷയുമായുള്ള വിവാഹമായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ വിവാഹ വേദിയിൽ എത്തിയത് വധുവിന്റെ അമ്മയായ താഹിതയാണ്. ചടങ്ങിനിടെ പുരോഹിതൻ വധുവിന്റെ പേര് വിളിച്ചപ്പോഴാണ് സംശയം തോന്നിയത്. വധുവിന്റെ പേരായി താഹിത എന്നാണ് പുരോഹിതൻ വിളിച്ചു പറഞ്ഞത്.

അത് മന്‌താഷയുടെ അമ്മയുടെ പേരാണെന്ന് തനിക്കറിയാമായിരുന്നു. തുടർന്നാണ് മുഖപടം ഉയർത്തിയതെന്ന് അസീം പൊലീസിനോട് പറഞ്ഞു. മുഖപടം ഉയർത്തി അമ്മയാണെന്ന് മനസിലായപ്പോൾ യുവാവ് വേദിയിൽ പ്രശ്നമുണ്ടാക്കി. എന്നാൽ വിവാഹത്തിൽ നിന്നും പിന്മാറിയാൽ വ്യാജ പീഡന പരാതി നൽകുമെന്ന് കുടുംബം ഭീഷണിപ്പെടുത്തിയതായും യുവാവ് നൽകിയ പരാതിയിൽ പറയുന്നു.

ഭീഷണിക്ക് ഭയപ്പെടാതെ വധുവിനെ കൂട്ടാതെയാണ് അസീം വീട്ടിലെത്തിയത്. പിന്നാലെ പൊലീസിൽ പരാതി നൽകി. മാർച്ച് 31നാണ് മൂത്ത സഹോദരനും ഭാര്യയും ചേർന്ന് 21കാരിയായ മന്‌താഷയുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചത്. സഹോദരന്റെ ഭാര്യയുടെ ബന്ധു കൂടിയായിരുന്നു യുവതി. സഹോദരനും ഭാര്യയ്ക്കും എതിരെയാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരിയാണെന്ന് പൊലീസ് അറിയിച്ചു.