ഏത് ഷാ വന്നാലും തമിഴ്നാട് ഭരിക്കാനാകില്ല; സ്റ്റാലിൻ

Sunday 20 April 2025 12:43 AM IST

ചെന്നൈ: 2026 തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുമായി ബി.ജെ.പി സഖ്യമുറപ്പിച്ചതിനുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഏത് ഷാ വന്നാലും തമിഴ്നാട് ഭരിക്കാനാകില്ലെന്നും തിരഞ്ഞെടുപ്പിൽ വിജയം ഡി.എം.കെയുടേതാണെന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട് എപ്പോഴും ഡൽഹിയുടെ നിയന്ത്രണത്തിന് പുറത്തായിരിക്കും. കലൈ‌ഞ്ജർ ക്രാഫ്ട് പദ്ധതി ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന്റെ വലിയൊരു ഭാഗം ഷായെ വിമർശിക്കുന്നതായിരുന്നു. സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ബി.ജെ.പി നീറ്റിൽ ഇളവു നൽകുമോ, ഹിന്ദി നിർബന്ധിതമായി നടപ്പാക്കില്ലെന്ന് ഉറപ്പുനൽകാൻ സാധിക്കുമോ, പുതിയ മണ്ഡല രൂപീകരണം വഴി തമിഴ്നാടിന്റെ പ്രാതിനിദ്ധ്യം കുറയില്ലെന്ന് ഉറപ്പുനൽകാനാകുമോ തുടങ്ങിയ ചോദ്യങ്ങളുമുന്നയിച്ചു.

'സംസ്ഥാനങ്ങൾ അവകാശങ്ങൾ ചോദിക്കുന്നതെങ്ങനെ തെറ്റാകും. കേന്ദ്ര സർക്കാക്കാർ പരാജയപ്പെട്ടതുകൊണ്ടാണ് ചരിത്ര വിധി തേടി സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നത്. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങൾക്കും വേണ്ടിയാണ് തമിഴ്നാട് പോരാടുന്നത്'- സ്റ്റാലിൻ കൂട്ടിച്ചേർത്തു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി കേന്ദ്രത്തോട് യാചിക്കണമെന്നു പറഞ്ഞ മോദിയുടെ പ്രസ്താവന ഓർമ്മപ്പെടുത്തുന്നു. ആരുടെയും കാലിൽ വീഴുന്ന വ്യക്തിയല്ല ഞാൻ. അണ്ണാ ഡി.എം.കെ -ബി.ജെ.പി സഖ്യം തട്ടിപ്പാണ്. കേന്ദ്ര ഏജൻസികളുടെ റെയ്ഡ് ഭയന്നാണ് അണ്ണാ ഡി.എം.കെ സഖ്യത്തിൽ ചേർന്നതെന്നും അദ്ദേഹം ആരോപിച്ചു.കേന്ദ്ര സർക്കാിരന്റെ പ്രധാനമന്ത്രിയുടെ വിശ്വകർമ്മ പദ്ധതിയെ തള്ളിയാണ് ദ്രാവിഡ് മോഡൽ എന്ന പേരിൽ കലൈ‌ഞ്ജർ ക്രാഫ്ട് പദ്ധതി ആവിഷ്കരിച്ചത്.