അമ്മ മക്കളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി
Sunday 20 April 2025 1:48 AM IST
കിളിമാനൂർ: കിളിമാനൂരിൽ അമ്മ മക്കളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി. കിളിമാനൂർ ഗവ.എൽ.പി.എസിലെ ഒന്നാം ക്ലാസിലും യു.കെ.ജിയിലും പഠിക്കുന്ന കുട്ടികൾക്കാണ് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. പൊള്ളലേറ്റ മൂത്ത കുട്ടി സ്കൂൾ അദ്ധ്യാപികയെ വിളിച്ച് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്കൂൾ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടികളുടെ വികൃതി സഹിക്കാൻ വയ്യാതായതോടെയാണ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്ന് അമ്മ പൊലീസിന് മൊഴി നൽകി. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം അമ്മയ്ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.