കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി വെടിയേ​റ്റ് മരിച്ചു

Sunday 20 April 2025 7:14 AM IST

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി വെടിയേ​റ്റ് കൊല്ലപ്പെട്ടു. പഞ്ചാബിൽ നിന്നുള്ള ഹർസിമ്രത് രൺധാവ (21) ആണ് കൊല്ലപ്പെട്ടത്. ഒന്റേറിയോയിലെ ഹാമിൽട്ടണിലെ അപ്പർ ജെയിംസ് സ്ട്രീറ്റിനും സൗത്ത് ബെൻഡ് റോഡിനും സമീപം പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 7.30നായിരുന്നു സംഭവം. റോഡിൽ രണ്ട് കാറുകളിലായി അക്രമി സംഘങ്ങൾ പരസ്പരം വെടിവയ്പ് നടത്തിയിരുന്നു.

ഇതിനിടെ, ലക്ഷ്യം തെറ്റിയ ബുള്ളറ്റുകളിലൊന്ന് സമീപത്തെ ബസ് സ്​റ്റോപ്പിൽ നിന്ന ഹർസിമ്രതിന് ഏൽക്കുകയായിരുന്നു. ജോലിക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു ഹർസിമ്രത്. ഗുരുതരമായ പരിക്കേറ്റ ഹർസിമ്രതിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹാമിൽട്ടണിലെ മൊഹാക്ക് കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു. പ്രതികളെ പിടികൂടിയിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കനേഡിയൻ പൊലീസ് അറിയിച്ചു. ഹർസിമ്രതിന്റെ കുടുംബവുമായി ബന്ധപ്പെട്ടെന്നും എല്ലാ സഹായവും ഉറപ്പാക്കുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ഹർസിമ്രതിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് കുടുംബം പഞ്ചാബ്, കേന്ദ്ര സർക്കാരുകളോട് അഭ്യർത്ഥിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി രണ്ട് വർഷം മുന്നേയാണ് ഹർസിമ്രത് കാനഡയിലെത്തിയത്.