യെമനിൽ ശക്തമായ ആക്രമണം നടത്തി യു.എസ്: 74 മരണം

Sunday 20 April 2025 7:15 AM IST

സനാ: യെമനിൽ ചെങ്കടൽ തീരത്തുള്ള റാസ് ഇസാ എണ്ണ ടെർമിനലിൽ യു.എസ് നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 74 പേർ കൊല്ലപ്പെട്ടു. 171 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ചയായിരുന്നു ആക്രമണം. ഹൂതി വിമതരെ ലക്ഷ്യമിട്ട് യു.എസ് നടത്തിയ ഏറ്റവും ശക്തമായ ആക്രമണങ്ങളിൽ ഒന്നായിരുന്നു ഇത്.

ഹൂതികളുടെ ഇന്ധന, വരുമാന സ്രോതസ് തകർക്കുകയാണ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് യു.എസ് സൈന്യം പ്രതികരിച്ചു. റാസ് ഇസാ തുറമുഖത്തിന്റെ നിയന്ത്രണമുള്ള സഫർ ഓയിൽ കമ്പനി, ഇറക്കുമതി ചെയ്യുന്ന ഇന്ധനങ്ങളുടെയും അവയുടെ വിതരണത്തിന്റെയും ചുമതലയുള്ള യെമൻ പെട്രോളിയം കമ്പനി എന്നിവയിലെ ജീവനക്കാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ഗാസ യുദ്ധത്തിൽ പാലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ ഹൂതികൾ ആക്രമിക്കുന്നത് തടയാനാണ് യു.എസിന്റെ സൈനിക നടപടി. ജനുവരിയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റ ശേഷം ഹൂതികൾക്കെതിരെ ആക്രമണങ്ങൾ കടുപ്പിക്കാൻ നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ മാസമുണ്ടായ യു.എസ് ബോംബാക്രമണത്തിൽ 50ലേറെ പേർ യെമനിൽ കൊല്ലപ്പെട്ടിരുന്നു.