'നിലമ്പൂരിൽ അൻവറിന് പ്രസക്തിയില്ല'; സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് കോൺഗ്രസെന്ന് പി വി അബ്ദുൾ വഹാബ്

Sunday 20 April 2025 8:31 AM IST

മലപ്പുറം: നിലമ്പൂരിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് പിവി അൻവർ അല്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി വി അബ്ദുൽ വഹാബ് എംപി. ഇക്കാര്യത്തിൽ പി വി അൻവറിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. അൻവർ ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. സ്ഥാനാർത്ഥിയെ കോൺഗ്രസ് തീരുമാനിക്കുമെന്നും അബ്ദുൽ വഹാബ് പറ‍‍ഞ്ഞു. ആരുടേയും ഭീഷണിക്ക് മുന്നിൽ കോൺഗ്രസ് വഴങ്ങരുത്. ആര് സ്ഥാനാർത്ഥി ആയാലും ലീഗ് പിന്തുണക്കുകയും വിജയിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് വരെ മാദ്ധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പി വി അന്‍വര്‍ ഇക്കാര്യം അറിയിച്ചത്. നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാര് എന്നതിനെ ചൊല്ലി ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു അന്‍വറിന്റെ തീരുമാനം. മണ്ഡലത്തില്‍ ആര്യാടന്‍ ഷൗക്കത്ത്, വിഎസ് ജോയ് എന്നിവരാണ് സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്തുള്ളത്.

നിലമ്പൂരില്‍ ജോയിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മാത്രമേ പിന്തുണയ്ക്കുകയുള്ളൂവെന്ന് പി.വി അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ജോയി മത്സരിച്ചാല്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് എപി അനില്‍കുമാറിനോട് അന്‍വര്‍ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരില്‍ മത്സരിപ്പിക്കരുതെന്ന് അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ സ്ഥാനാര്‍ത്ഥിത്വത്തിന് അവകാശവാദം ഉന്നയിച്ച് ഷൗക്കത്ത് രംഗത്തുണ്ട്. എന്നാല്‍ അന്‍വറിനെ പിണക്കിയാല്‍ അത് പാര്‍ട്ടിയുടെ വിജയസാദ്ധ്യതയെ ബാധിക്കുമെന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുണ്ട്. അതോടൊപ്പം തന്നെ കേരളത്തില്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശവും വേഗത്തിലാക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.