മദ്യപിച്ച് ലക്കുകെട്ട് ഡ്യൂട്ടിക്കെത്തിയ സ്റ്റേഷൻ മാസ്റ്റർ അറസ്റ്റിൽ, സംഭവം നീലേശ്വരത്ത്
Sunday 20 April 2025 11:22 AM IST
കാസർകോട്: സ്റ്റേഷൻ മാസ്റ്റർ മദ്യലഹരിയിൽ ഡ്യൂട്ടിക്കെത്തിയതായി പരാതി. കാസർകോട് നീലേശ്വരം റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർക്കെതിരെയാണ് പരാതി ഉയർന്നത്. രാജസ്ഥാൻ സ്വദേശി ഘനശ്യാം മഹവയാണ് ജോലി ചെയ്യാൻ പറ്റാത്ത വിധം മദ്യപിച്ചെത്തിയത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർക്കെതിരെ റെയിൽവേ ആക്‌ട് പ്രകാരം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) കേസെടുത്തു.
സ്റ്റേഷൻ മാസ്റ്റർ ഘനശ്യാം മഹവയ്ക്ക് ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നതിനാൽ സഹപ്രവർത്തകർ മറ്റൊരു സ്റ്റേഷൻ മാസ്റ്ററെ വിളിച്ചുവരുത്തി ഡ്യൂട്ടി ഏൽപ്പിച്ചു. തുടർന്ന് ആർപിഎഫിനെ വിവരം അറിയിക്കുകയായിരുന്നു. നിയമലംഘനത്തിന് ഘനശ്യാമിനെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്.