രാമന്റെ പാത പിന്തുടരാത്തത് എന്ത്? താൻ പിന്തുടരുന്നത് പിതാവ് ദശരഥന്റെ പാതയെന്ന് കമൽഹാസൻ
മുപ്പത്തിയാറു വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. ചിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, അശോക് സെൽവൻ, നാസർ തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. മണിരത്നത്തിനൊപ്പം സംഗീതസംവിധായകൻ എ ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നു. ജൂൺ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഇപ്പോഴിതാ തഗ് ലൈഫിന്റെ പ്രമോഷൻ പരിപാടിയ്ക്കിടെ കമൽഹാസൻ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിവാഹം കഴിക്കാത്തതിന്റെ കാരണം തൃഷയോടും ചിമ്പുവിനോടും മാദ്ധ്യമപ്രവർത്തകർ ചോദിച്ചു. ഇതേസമയം രണ്ട് തവണ വിവാഹം കഴിച്ചതിനെ കുറിച്ച് പറയുകയായിരുന്നു കമൽഹാസൻ.
മുൻപ് തന്നോട് മാദ്ധ്യമപ്രവർത്തകനും രാജ്യസഭ എംപിയുമായ ജോൺ ബ്രിട്ടാസ് ഇത് സംബന്ധിച്ച് ചോദ്യം ചോദിച്ചതായി കമൽ വെളിപ്പെടുത്തി. ഒരു ബ്രാഹ്മണ കുടുംബത്തിൽ നിന്ന് വന്നിട്ടും ശ്രീരാമനെപ്പോലെ ജീവിതത്തിൽ ഒരു ഭാര്യ എന്ന രീതി എന്താണ് പിന്തുടരാത്തത് എന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ ചോദ്യം.
'ഒന്നാമതായി, ഞാൻ ഒരു ദെെവത്തെയും വിശ്വസിക്കുന്നില്ല. കൂടാതെ ഞാൻ രാമന്റെ പാത പിന്തുടരുന്നില്ല. പക്ഷേ ഞാൻ അദ്ദേഹത്തിന്റെ പിതാവ് ദശരഥന്റെ പാത പിന്തുടരും',- എന്നാണ് കമൽ അന്ന് മറുപടി നൽകിയത്. രാമായണം അനുസരിച്ച് ദശരഥന് മൂന്ന് ഭാര്യമാർ ഉണ്ട്. കൗസല്യ, സുമിത്ര, കെെകേയി. അതിൽ രാമന്റെ അമ്മയാണ് കൗസല്യ.
കമൽ നർത്തകി വാണി ഗണപതിയെയാണ് ആദ്യം വിവാഹം കഴിച്ചത്. 1978ലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ഈ ബന്ധം കൂടുതൽ കാലം നിലനിന്നില്ല. 1988ൽ ഇരുവരും വിവാഹമോചിതരായി. ശേഷം കമൽ നടി സരികയെ വിവാഹം കഴിച്ചു. ഇരുവർക്കും ശ്രുതി, അക്ഷര എന്നീ മക്കളുണ്ട്. 2004ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്. പിന്നീട് നടി ഗൗതമിയുമായി 2005 മുതൽ കമൽ ലിവിംഗ് ടുഗതർ ബന്ധത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.