ശീതളപാനീയങ്ങൾ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ പണി കിട്ടാൻ സാദ്ധ്യതയുണ്ട്, ഇതുവരെ രോഗം സ്ഥിരീകരിച്ചത് 15 പേർക്ക്
കോട്ടയം: വേനൽമഴയ്ക്ക് പിന്നാലെ മഞ്ഞപ്പിത്തം വ്യാപിപ്പിക്കുന്ന സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത. കഴിഞ്ഞ ദിവസം കോരുത്തോട്ടിൽ 15 പേർക്കാണ് രോഗം ബാധിച്ചത്. കൂടുതൽ കണ്ടുവരുന്നത് കുടിവെള്ളം വഴിയും ആഹാരസാധനങ്ങൾ വഴിയും പകരുന്ന എ, ഇ വിഭാഗം ഹെപ്പറ്റൈറ്റിസാണ്. ചെറിയ കുട്ടികളിൽ അത്ര ഗുരുതരമാകാറില്ലെങ്കിലും മുതിർന്നവരെ ബാധിക്കും. നിലവിൽ ജില്ലയിൽ കൂടുതലും റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഹെപ്പറ്റൈറ്റിസ് എ കേസുകളാണ്.
ഉത്സവം, വിവാഹം, മറ്റ് ആഘോഷങ്ങൾ എന്നിവ നടക്കുന്ന സമയമായതിനാൽ പൊതുസ്ഥലങ്ങളിൽ നിന്ന് വാങ്ങിക്കഴിക്കുന്ന ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസും വെള്ളവും ശുദ്ധീകരിച്ചതാണെന്ന് ഉറപ്പാക്കണം. പാനീയങ്ങൾ തയ്യാറാക്കുന്നവരും വിൽക്കുന്നവരും, വ്യാവസായിക അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഐസ് ബ്ലോക്കുകൾ ഉപയോഗിക്കരുത്. ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ചുള്ള ക്യൂബ് ഐസ് മാത്രം ഉപയോഗിക്കണം. യഥാസമയം വിദഗ്ദ്ധ ചികിത്സ ആരംഭിച്ചില്ലെങ്കിൽ മഞ്ഞപ്പിത്തം മരണത്തിലേക്ക് നയിക്കും. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടക്കത്തിൽ ആരംഭിച്ചാൽ രോഗം കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് വ്യാപിയ്ക്കുന്നത് തടയാം.
മടിക്കല്ലേ ചികിത്സയ്ക്ക്
രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി വേഗത്തിൽ വൈദ്യസഹായം തേടാനും ഒറ്റമൂലി ചികിത്സകൾ ഒഴിവാക്കാനും ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ശരീര വേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിനും, കണ്ണിനും മറ്റു ശരീര ഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടാം. രക്ത പരിശോധനയിലൂടെ മാത്രമേ രോഗനിർണയം പൂർണമായി സ്ഥിരീകരിക്കാനാവൂ. സാധാരണഗതിയിൽ രോഗാണു ശരീരത്തിലെത്തി രണ്ടാഴ്ചയോളം കഴിഞ്ഞാണ് രോഗമുണ്ടാകുന്നതെങ്കിലും ചിലപ്പോൾ ഇത് ഒരാഴ്ച മുതൽ മൂന്നാഴ്ച വരെയാകാം.
മുൻകരുതൽ, പ്രതിരോധം
വ്യക്തി, പരിസര ശുചിത്വം പാലിക്കുക ആഹാര ശുചിത്വം, ഈച്ചശല്യം തടയുക വെള്ളം ഉൾപ്പെടെ ആഹാരങ്ങൾ അടച്ചുവയ്ക്കുക ചപ്പുചവറുകൾ കുന്നുകൂടാതെ ശ്രദ്ധിയ്ക്കുക തൊഴുത്തും മറ്റും വീട്ടിൽ നിന്ന് അകലെയാക്കുക കിണർവെള്ളം ഉൾപ്പെടെ ക്ലോറിനേറ്റ് ചെയ്യുക
''മഞ്ഞപ്പിത്തത്താൽ ഉണ്ടാവുന്ന പനി മാറുന്നതിന് ഡോക്ടറുടെ നിർദ്ദേശമില്ലാതെ പാരസെറ്റമോൾ ഗുളിക കഴിക്കരുത്. സർക്കാർ അംഗീകാരമില്ലാത്ത ഒറ്റമൂലി ചികിത്സാ കേന്ദ്രങ്ങളിൽ നിന്ന് ചികിത്സ തേടരുത്. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സ തേടുക, സ്വയം ചികിത്സ പാടില്ല.
ആരോഗ്യ വകുപ്പ്