ചോദ്യപേപ്പർ ചോർച്ച: പ്രിൻസിപ്പൽ സർവ്വകലാശാലയുടെ വിശ്വാസ്യത തകർത്തുവെന്ന് എഫ്.ഐ.ആർ 

Monday 21 April 2025 12:13 AM IST
ചോദ്യപേപ്പർ ചോർച്ച

കാസർകോട്: പരീക്ഷ നടത്തിപ്പിനിടെ പാലക്കുന്ന് ഗ്രീൻ വുഡ് കോളേജിൽ എത്തിയ സർവ്വകലാശാല സ്‌പെഷ്യൽ സ്ക്വാഡ് ഒരു വിദ്യാർത്ഥി കോപ്പിയടിക്കുന്നത് പിടിച്ചതോടെയാണ് ചോദ്യപേപ്പർ ചോർച്ച സംഭവം വെളിച്ചത്തായത്. വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രിൻസിപ്പൽ ചോദ്യപേപ്പർ ഇട്ടതായതായി ഈ വിദ്യാർത്ഥിയാണ് മൊഴി നൽകിയത്. പരീക്ഷ നടക്കുന്നതിന് രണ്ടര മണിക്കൂർ മുമ്പാണ് കോളേജ് പ്രിൻസിപ്പാളുടെ പാസ്‌വേർഡ് സുരക്ഷിത മെയിലിലേക്ക് ചോദ്യപേപ്പർ അയച്ചു കൊടുക്കുക. പി.ഡി.എഫ് ഫയലുകൾ തുറക്കാനുള്ള പിൻ നമ്പർ പ്രിൻസിപ്പൽമാർക്ക് നൽകും. എന്നാൽ ഗ്രീൻ വുഡ് കോളേജിൽ പി.ഡി.എഫ് നേരത്തെ തുറന്ന് വിദ്യാർത്ഥികൾക്ക് നൽകി.

ഇതിനെ തുടർന്ന് ആഭ്യന്തര അന്വേഷണം നടത്തിയ കണ്ണൂർ സർവ്വകലാശാല സംഘത്തിന്റെ റിപ്പോർട്ടുകളെ തുടർന്ന് രജിസ്ട്രാർ ഇൻചാർജ് പ്രൊഫ. വി.എ വിത്സൺ ബേക്കൽ എസ്.എച്ച്.ഒ ഡോ. അപർണക്ക് പരാതി നൽകി. എ.എസ്.പിയുടെ നിർദ്ദേശ പ്രകാരം ബേക്കൽ എസ്.ഐ എം. സതീശൻ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ബേക്കൽ ഇൻസ്‌പെക്ടർ കെ.പി ഷൈൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. പരീക്ഷയുടെ രഹസ്യ സ്വഭാവം സൂക്ഷിക്കാതെ ചോദ്യപേപ്പർ പരീക്ഷയ്ക്ക് മുമ്പ് പരസ്യപ്പെടുത്തി സർവ്വകലാശാലയുടെ വിശ്വാസ്യതയും നിലനില്പും ഇല്ലാതാക്കിയെന്ന് പ്രിൻസിപ്പാളിനെതിരെ 316(നാല്), 318 (നാല്) എന്നീ രണ്ടു വകുപ്പുകൾ ചേർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പറയുന്നു.