ഗര്‍ഭിണിയായിരിക്കെ അദ്ധ്യാപികയ്ക്ക് ക്യാന്‍സര്‍; ഒരേ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് 'രണ്ട് തവണ'

Sunday 20 April 2025 10:06 PM IST

ലണ്ടന്‍: വൈദ്യശാസ്ത്ര ലോകത്ത് അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ട് പലപ്പോഴും. ഓക്‌സ്‌ഫോര്‍ഡിലെ അദ്ധ്യാപിക ഒരേ ആണ്‍കുഞ്ഞിന് രണ്ട് തവണ ജന്മം നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് ഇതില്‍ ഏറ്റവും പുതിയത്. ലൂസി ഐസക് എന്ന യുവതിയുടെ നവജാതശിശുവിനാണ് 'ഇരട്ട ജന്മം' ഉണ്ടായത്. മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെ ലൂസിക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചത് മുതലാണ് സംഭവങ്ങളുടെ തുടക്കം. അള്‍ട്രാ സൗണ്ട് സ്‌കാനിലാണ് ലൂസിക്ക് അണ്ഡാശയ ക്യാന്‍സര്‍ സ്ഥിരീകരിച്ചത്.

ഗര്‍ഭകാലം പൂര്‍ത്തിയാകുന്നത് വരെ ചികിത്സ വൈകിപ്പിക്കാനുള്ള സാദ്ധ്യത യുവതി ആരാഞ്ഞെങ്കിലും ക്യാന്‍സര്‍ പടരുവാനും ഇത് ജീവന്‍ അപകടത്തിലാക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പിന്നീട് കീഹോള്‍ ശസ്ത്രക്രിയക്കുള്ള സാദ്ധ്യതകള്‍ തേടിയെങ്കിലും ഇതും സാദ്ധ്യമാകില്ലെന്ന് തിരിച്ചറിയുകയായിരുന്നു. ഗവേഷണങ്ങള്‍ക്കൊടുവില്‍ ഡോ. സുലൈമാനി മജ്ദിന്റെ നേതൃത്വത്തിലെ സംഘം 20 ആഴ്ച ഗര്‍ഭിണിയായിരിക്കെ ലൂസിയെ അണ്ഡാശയ അര്‍ബുദം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയയാക്കി.

ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭപാത്രത്തില്‍ തന്നെ നിര്‍ത്തി അപൂര്‍വവും സങ്കീര്‍ണ്ണവുമായ നടപടിക്രമത്തിലൂടെ കാന്‍സര്‍ കോശങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു. ശസ്ത്രക്രിയക്കിടെ ഗര്‍ഭപാത്രം താത്കാലികമായി നീക്കം ചെയ്യുകയും ചികിത്സക്ക് ശേഷം തിരികെ വെക്കുകയുമായിരുന്നു ചെയ്തത്. ഗര്‍ഭപാത്രത്തിന്റെ താപനില നിലനിര്‍ത്തുന്നതിനായി ചൂടുള്ള ഉപ്പുവെള്ള പായ്ക്കറ്റില്‍ പൊതിഞ്ഞ് മാറ്റി സൂക്ഷിക്കുകയായിരുന്നു.

ഗര്‍ഭസ്ഥ ശിശുവിന്റെ താപനില കുറയാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ഓരോ 20 മിനിറ്റിലും പായ്ക്ക് മാറ്റുകയും ചെയ്തിരുന്നു. രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഈ പ്രവര്‍ത്തി വിജയകരമായി പൂര്‍ത്തിയാക്കിയത്. ലൂസിക്ക് നടത്തിയ ശസ്ത്രക്രിയ വിജയകരമായതിന് ശേഷം ഗര്‍ഭപാത്രം തിരികെ വയ്ക്കുകയായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ജനുവരിയില്‍ ലൂസി ഗര്‍ഭകാലം പൂര്‍ത്തിയാക്കി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഇതോടെയാണ് കുഞ്ഞ് രണ്ടുതവണ പ്രസവിക്കപ്പെട്ടു എന്ന വിശേഷണത്തിനര്‍ഹമായത്.