തളർന്നുവീണ ഷംസുതന് അവർ വിഷുകൈനീട്ടവുമായി എത്തി

Monday 21 April 2025 1:55 AM IST

കുട്ടനാട്: പക്ഷാഘാതത്തെ തുടർന്ന് എഴുന്നേറ്റ് നടക്കാൻ പോലും ശേഷിയില്ലാതെ കഴിഞ്ഞ ഒരു വർഷമായി കിടക്കയിൽ അഭയം തേടിയ

എ.കെ.ഷംസുതന് ഇക്കഴിഞ്ഞ വിഷുദിനം അവിസ്മരണീയ അനുഭവമായി.

കോൺഗ്രസ് രാമങ്കരി മണ്ഡലം പ്രസിഡന്റും രാമങ്കരി സഹകരണബാങ്ക് ഭരണസമിതി അംഗവും മാനവസംസ്കൃതി താലൂക്ക് സെക്രട്ടറിയുമായിരുന്ന കിടങ്ങറ കോരവളവിൽ ഗരുടാകരിയിൽ എ.കെ.ഷംസുതനെ തേടി,​ സ്നേഹസ്വാന്തനവും വിഷുക്കൈനീട്ടവുമായി സഹപ്രവർത്തകർ എത്തിയത് മറക്കാനാകാത്ത അനുഭവമാണ് അദ്ദേഹത്തിന് സമ്മാനിച്ചത്.

കോൺഗ്രസ് കുട്ടനാട് മണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ,​ പുതുക്കരി സഹകരണബാങ്ക് പ്രസിഡന്റ് വി.എൻ.വിശ്വംഭരൻ, മുട്ടാർ മണ്ഡലം പ്രസിഡന്റ് ബ്ലസ്റ്റൺ തോമസ്, ജോസി ഡൊമിനിക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിഷുക്കൈനീട്ടവുമായി ഷംസുതന്റെ വീട്ടിലെത്തിയത്.

ഒരു നാൾ പുലർച്ചെ കടുത്ത തലവേദന അനുഭപ്പെട്ട ഷംസുതൻ,​ പെട്ടെന്ന് തളർന്നുവീഴുകയായിരുന്നു. ഉടനെ തന്നെ സഹപ്രവർത്തകർ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച് ലക്ഷങ്ങൾ ചെലവിട്ട്

തലയിൽ രണ്ട് ശസ്ത്രക്രിയ ഉൾപ്പെടെ നടത്തിയെങ്കിലും ശരീരശേഷി വീണ്ടെടുക്കാനായില്ല.

തുടർന്ന് വീട്ടിലേയ്ക്ക് മാറ്റിയ അദ്ദേഹത്തിന് ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സയ്ക്ക് ഒരു മാസം ആയിരക്കണക്കിന് രൂപ വേണ്ടിവരുന്നുണ്ട്. ഇതിനായി സഹപ്രവർത്തകർ രൂപീകരിച്ച

സഹായനിധിയിൽ നിന്നുള്ള പണം കൊണ്ട് അവശ്യ

ചെലവുകൾ നടന്നുവരുന്നതിനിടെയാണ് വിഷുദിനത്തിൽ ഇവർ സ്നേഹസാന്ത്വനവുമായി ഷംസുതന്റെ വീട്ടിലെത്തിയത്.