പതിനേഴുകാരനെ വശീകരിച്ച് ഹോട്ടലിൽ താമസിപ്പിച്ചു,​ മദ്യം നൽകി ഒരാഴ്ച ലൈംഗികപീഡനം; യുവതിക്ക് 20 വർഷം തടവ്

Monday 21 April 2025 10:57 AM IST

ജയ്പൂർ: പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ സ്ത്രീക്ക് ഇരുപത് വർഷം തടവ്. ബുണ്ടിയിലെ പോക്‌സോ കോടതിയാണ് ശിക്ഷവിധിച്ചത്. 2023 ഒക്ടോബർ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 45,000 രൂപ പിഴയും വിധിച്ചു.


മുപ്പതുകാരിയായ ലാലിബായ് മോഗിയ (30)യാണ് കേസിലെ പ്രതി. കൗമാരക്കാരന്റെ മാതാവാണ് പരാതി നൽകിയത്. മോഗിയ തന്റെ മകനെ വശീകരിച്ച് ജയ്പൂരിലേക്ക് കൊണ്ടുപോയി ഹോട്ടിലിൽ താമസിപ്പിച്ചു. മദ്യം നൽകി ഒരാഴ്ചയോളം പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.


2023 നവംബർ ഏഴിനാണ് കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്. തട്ടിക്കൊണ്ടുപോകല്‍, ജുവനൈല്‍ ജസ്റ്റിസ്, പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്.

ഇരയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അന്വേഷണത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ ലാലിബായ് മോഗിയയെ അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ പിന്നീട് ഇവർക്ക് ജാമ്യം ലഭിച്ചു. ചെയ്‌തുപോയ തെറ്റിൽ കുറ്റബോധമുണ്ടെന്ന് പ്രതി പറഞ്ഞെന്നാണ് വിവരം. വാദം കേട്ട പോക്‌സോ കോടതി മോഗിയ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയെന്നും 20 വർഷം തടവും 45,000 രൂപ പിഴയും വിധിച്ചുവെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.