ചിദംബരം പിന്നെയും പെട്ടു: മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി, ഇ.ഡിക്ക് അറസ്റ്റ് ചെയ്യാം
ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതികേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന് മുൻകൂർ ജാമ്യമില്ല. ചിദംബരം നൽകിയ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളുകയാണുണ്ടായത്. നിലവിൽ സി.ബി.ഐയുടെ കസ്റ്റഡിയിലാണ് ചിദംബരം ഉള്ളത്. കോടതി ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടർന്ന് ചിദംബരം ഇനി എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലേക്ക് പോകേണ്ടി വരും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്യുന്നത് ചെറുക്കുന്നതിനായി ചിദംബരം ഡൽഹി കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. ഈ ഹർജി ഡൽഹി കോടതി തള്ളിയിരുന്നു.
ഇതിനെ തുടർന്നാണ് ഇതേ ജാമ്യാപേക്ഷയുമായി ചിദംബരം സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയും ഇപ്പോൾ ചിദംബരത്തെ കൈയൊഴിഞ്ഞിരിക്കുകയാണ്. നിലവിലെ സ്ഥിതി അനുസരിച്ച് സി.ബി.യുടെ കസ്റ്റഡി കാലാവധി അവസാനിച്ച് കഴിഞ്ഞാൽ ചിദംബരത്തെ ഇ.ഡിക്ക് കസ്റ്റഡിയിൽ എടുക്കാം. 15 ദിവസമായി സി.ബി.ഐയുടെ കസ്റ്റഡിയിലാണ് ചിദംബരം ഉള്ളത്. സി.ബി.ഐ കസ്റ്റഡി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ഹർജി പരിഗണിച്ചത്. ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള വാറന്റിനായി എൻഫോഴ്‌സ്‌മെന്റിന് കീഴ്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.