പൊലീസായി വേഷം കെട്ടി അബ്‌‌ദുൾ റഷീദ് അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തെത്തും, ലക്ഷ്യം പണവും മൊബൈലും

Monday 21 April 2025 1:49 PM IST

ഫറോക്ക്: കഴിഞ്ഞ വ്യാഴാഴ്ച ഫറോക്കിൽ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തു നിന്നും 11 മൊബൈൽ ഫോണുകളും ഒരു ലക്ഷം രൂപയും മോഷണം പോയ കേസിലെ പ്രതി പിടിയിലായി. കരുളായി അമരമ്പലം പനങ്ങാടൻ അബ്ദുൽ റഷീദ്(43) ആണ് ഫറോക്ക് പൊലീസിന്റെ പിടിയിലായത്.

ഇന്നലെ പുലർച്ചെ നാലുമണിക്ക് നിലമ്പൂരിൽ ഉള്ള ഒരു ലോഡ്ജിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ കയ്യിൽ നിന്നും 5 മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ബാക്കി ഫോണുകൾ പ്രതി വിറ്റതായി സമ്മതിച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. മറ്റ് ഫോണുകൾ പിന്നീട് റിക്കവറി ചെയ്യും. ഇയാൾ മുമ്പും ഹെൽത്ത് ഇൻസ്‌പെക്ടർ ചമഞ്ഞും പൊലീസ് ആണെന്ന് പറഞ്ഞും പല സ്ഥലങ്ങളിലും കറങ്ങിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മലപ്പുറം, തൃശ്ശൂർ ജില്ലകളിലായി ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോൺ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട അഞ്ചു കേസുകളും മറ്റു കേസുകളും ഇയാൾക്കെതിരെയുണ്ട്. ഫറോക്ക് എ.സി.പി എ.എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.