സ്വവർഗാനുരാഗികൾക്ക് വേണ്ടി ശബ്ദം ഉയർത്തിയ മനുഷ്യ‌സ്നേ‌ഹി; വിശേഷിപ്പിച്ചത് ദെെവത്തിന്റെ മക്കളെന്ന്

Monday 21 April 2025 2:10 PM IST

റോം: ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ മാർപാപ്പ. ലളിത ജീവിതം കൊണ്ട് മാതൃക കാണിച്ച മാർപാപ്പ മുൻഗാമികളിൽ നിന്ന് വ്യത്യസ്തനായിരുന്നു. സ്വവർഗാനുരാഗികളെ ദെെവത്തിന്റെ മക്കളെന്ന് വിശേഷിപ്പിച്ച മനുഷ്യസ്നേഹി. വത്തിക്കാൻ കൊട്ടാരം ഉപേക്ഷിച്ച് അതിഥി മന്ദിരത്തിലെ സാധാരണ മുറിയിൽ താമസമാക്കി. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടി ശബ്ദം ഉയർത്തി. യുദ്ധ ഇരകൾക്കായി നിലകൊണ്ട വലിയ ഇടയൻ.... തുടങ്ങിയ നിരവധി വിശേഷണങ്ങൾ അദ്ദേഹത്തെക്കുറിച്ച് പറയാനുണ്ട്.

76-ാം വയസിൽ കത്തോലിക്കാ സഭയുടെ തലവനായി സ്ഥാനാരോഹണം ചെയ്തപ്പോൾ ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചത് അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമമാണ്. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പ ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചത്.

1936 ഡിസംബർ 17ന് അർജന്റീനയിൽ ബ്യൂണസ് ഐറിസിലെ ഫ്ലോർസിൽ മാരിയോ ജോസ് ബെർഗോളിയോയുടെയും റെജീന മരിയ സിവോരിയുടെയും അഞ്ച് മക്കളിൽ മൂത്തയാളായി ജനനം. റെയിൽവേയിൽ അക്കൗണ്ടന്റായ മാരിയോയുടെയും വീട്ടമ്മയായ റെജീനയുടെയും വേരുകൾ ഇറ്റലിയിലാണ്. ബെനിറ്റോ മുസോളിനിയുടെ ഫാസിസ്റ്റ് ഭരണത്തിൽ നിന്ന് രക്ഷപ്പെട്ടാണ് മാരിയോയുടെ കുടുംബം 1929ൽ അർജന്റീനയിലെത്തിയതാണ്.

കെമിക്കൽ ടെക്‌നീഷ്യൻ ഡിപ്ലോമ നേടിയ ഫ്രാൻസിസ് പുരോഹിതന്റെ പാതയിലേക്ക് എത്തുകയായിരുന്നു. 1958ൽ സൊസൈറ്റി ഒഫ് ജീസസിന്റെ ഭാഗമായി. ചിലിയിൽ നിന്ന് ഹ്യുമാനിറ്റീസ് പഠനം പൂർത്തിയാക്കി 1963ൽ അർജന്റീനയിൽ തിരിച്ചെത്തിയ അദ്ദേഹം ഫിലോസഫിയിൽ ബിരുദം നേടി.

1964- 1966 കാലയളവിൽ സാന്റാ ഫേയിലെയും ബ്യൂണസ് ഐറിസിലെയും കോളേജുകളിൽ സാഹിത്യവും മനഃശാസ്ത്രവും പഠിപ്പിച്ചു. 1967- 70 കാലയളവിൽ ദൈവശാസ്ത്രത്തിൽ ബിരുദം നേടി. 1969ൽ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട ഫ്രാൻസിസ് മാർപാപ്പ 1973ൽ അർജന്റീനയിലെ സൊസൈറ്റി ഒഫ് ജീസസിന്റെ തലവനായി. ഇതിനിടെ സർവകലാശാല മേഖലയിലും ജോലി ചെയ്തു. 1998ൽ ബ്യൂണസ് ഐറിസിലെ ആർച്ച് ബിഷപ്പായി. 2001ൽ കർദ്ദിനാൾ ആയി ഉയർത്തപ്പെട്ടു. ബെനഡിക്ട് പതിനാറാമൻ അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞതോടെ 2013 മാർച്ച് 13ന് ആണ് അദ്ദേഹം സഭയുടെ 266ാമത് പരമാധികാരിയായി നിയോഗിക്കപ്പെട്ടത്.