'പട്ടിണി കിടക്കുന്നവരെ സഹായിക്കണം, ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യണം'; അവസാന സന്ദേശം

Monday 21 April 2025 3:40 PM IST

വത്തിക്കാൻ സിറ്റി: ഇന്നലെ ഈസ്റ്ററിനോടനുബന്ധിച്ച് നൽകിയ അവസാന സന്ദേശത്തിലും ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യണമെന്നായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ ആവശ്യപ്പെട്ടത്. ആയിരക്കണക്കിന് വിശ്വാസികളാണ് പ്രാർത്ഥനയ്‌ക്കായി ഇന്നലെ റോമിലെത്തിച്ചേർന്നത്. അസുഖത്തെത്തുടർന്ന് വിശ്രമത്തിലായിരുന്ന മാർപ്പാപ്പ ഇന്നലെ സെയ്‌ന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ മട്ടുപ്പാവിൽ വീൽച്ചെയറിലിരുന്നുകൊണ്ടാണ് അൽപ്പനേരം വിശ്വാസികളെ കണ്ടത്. കൈവീശി അദ്ദേഹം എല്ലാവർക്കും ഈസ്റ്റർദിനാശംസകൾ നേരുകയും ചെയ്‌തു. അദ്ദേഹത്തിന്റെ സഹായിയാണ് ഈസ്റ്റർദിന സന്ദേശം വായിച്ചത്.

മതസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ഇല്ലാതെ സമാധാനം സാദ്ധ്യമാകില്ലെന്നായിരുന്നു മാർപ്പാപ്പയുടെ സന്ദേശം. മറ്റുള്ളവരുടെ കാഴ്‌ചപ്പാടുകളെ ബഹുമാനിക്കാനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ‌്‌തു. ഗാസയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്‌ത അദ്ദേഹം ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനോട് ആവശ്യപ്പെടുകയും ചെയ്‌തു.

ഗാസയിലെ പരിതാപകരമായ മാനുഷിക സാഹചര്യത്തെ അപലപിച്ചു. ആഗോളതലത്തിൽ ജൂതവിരുദ്ധത പടരുന്നതിലും ആശങ്ക പ്രകടിപ്പിച്ചു. ഗാസയിലെയും ഇസ്രായേലിലെയും യുദ്ധത്തിന്റെ കഷ്‌ടതകളനുഭവിക്കുന്ന ജനങ്ങൾക്കൊപ്പമാണ് തന്റെ മനസെന്നും പറ‌ഞ്ഞു. ഗാസയിൽ പട്ടിണി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ നടക്കുകയാണ്. നിരവധിപേർക്ക് ജീവഹാനി ഉണ്ടാകുന്നതിൽ ആശങ്കയുണ്ടെന്നും മാർപ്പാപ്പ സന്ദേശത്തിൽ വ്യക്തമാക്കി. യുക്രെയിൻ യുദ്ധത്തെക്കുറിച്ചും അദ്ദേഹം ഈസ്റ്റർ സന്ദേശത്തിൽ പരാമർശിച്ചു.