ചുരം റോഡിൽ മാലിന്യ നിക്ഷേപം

Monday 21 April 2025 8:23 PM IST

കണിച്ചാർ: തലശ്ശേരി- ബാവലി അന്തർ സംസ്ഥാന പാതയിൽ നെടുംപൊയിൽ ചുരം ഭാഗത്ത് ഇരുപത്തിയൊമ്പതാം മൈലിന് സമീപം റോഡരികിൽ രണ്ടിടങ്ങളിലായി മാലിന്യം തള്ളി.ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ ഇതുവഴി യാത്ര ചെയ്യുന്നതിനിടെയാണ് മാലിന്യം തള്ളിയത് ശ്രദ്ധയിൽ പെട്ടത്.ഉടൻ തന്നെ കണിച്ചാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അംഗം ജിമ്മി അബ്രഹാമും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മെമ്പർ ജിമ്മി അബ്രഹാം വിവരം അറിയിച്ചതിനെ തുടർന്ന് കൊട്ടിയൂർ വെസ്റ്റ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പ്രസാദിന്റെ നിർദ്ദേശപ്രകാരം ഫോറസ്റ്റ് ഓഫീസർ സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകരും സ്ഥലത്തെത്തി പരിശോധന നടത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.മാലിന്യം തള്ളിയ സ്ഥാപനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.