ബഹിരാകാശ നിലയത്തിലെ ആദ്യ ഇന്ത്യക്കാരനാവാൻ ശുഭാംശു, യാത്ര മേയിൽ
തിരുവനന്തപുരം: ഗഗൻയാൻ യാത്രികൻ ശുഭാംശു ശുക്ള അടുത്ത മാസം പരിശീലനാർത്ഥം ബഹിരാകാശത്തേക്ക് യാത്ര തിരിക്കും. ഇന്റർനാഷണൽ സ്പെയ്സ് സ്റ്റേഷനിൽ 14 ദിവസം തങ്ങും. നാസയുടെ പിന്തുണയോടെ ആക്സിയോം 4 ദൗത്യത്തിലാണ് യാത്ര. തീയതി പ്രഖ്യാപിച്ചിട്ടില്ല.
ആദ്യമായി ബഹിരാകാശത്തേക്ക് പോയ ഇന്ത്യക്കാരൻ രാകേശ് ശർമ്മയാണെങ്കിലും, രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയാണ് ശുഭാംശു ശുക്ലയെ കാത്തിരിക്കുന്നത്.
ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗൻയാനുവേണ്ടി പരിശീലനം പൂർത്തിയാക്കാൻ അമേരിക്കയുമായി ധാരണയിലെത്തിയിരുന്നു. അതുപ്രകാരമാണ് ഈ യാത്ര.സ്പെയ്സ് സ്റ്റേഷനിൽ ഇന്ത്യ പങ്കാളിയല്ല.
ഗഗൻയാൻ യാത്രികരായി തിരഞ്ഞെടുക്കപ്പെട്ട നാലുപേരിൽ ഒരാളാണ് ശുഭാംശു ശുക്ള.1985ഒക്ടോബർ 10ന് ഉത്തർപ്രദേശിലെ ലഖ്നൗവിൽ ജനനം. പുനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ പഠനം. 2006ൽ വ്യോമസേനയിൽ ചേർന്നു. 2024മാർച്ചിൽ ഗ്രൂപ്പ് ക്യാപ്റ്റനായി. 2019ൽ ഐ.എസ്.ആർ.ഒ ബഹിരാകാശ യാത്രാപരിശീലനത്തിനായി തിരഞ്ഞെടുത്തു. മോസ്‌കോയിലെ സ്റ്റാർ സിറ്റിയിലുള്ള യൂറിഗഗാറിൻ കോസ്‌മോനട്ടയിലായിരുന്നു പരിശീലനം.
യാത്രാചെലവ് 715കോടി
# അമേരിക്കയിലെ സ്വകാര്യ സ്ഥാപനമായ സ്പെയ്സ് എക്സ് വികസിപ്പിച്ച ക്രൂഡ്രാഗൺ പേടകത്തിലാണ് സ്പെയ്സ് സ്റ്റേഷനിലേക്കു പോകുന്നത്. ഇവരുടെ ബഹിരാകാശ ടൂറിസം, ഗവേഷണ പദ്ധതിയാണ് ആക്സിയം. മൂന്ന് തവണ സ്പെയ്സ് സ്റ്റേഷനിലേക്ക് പോയിട്ടുണ്ട് .
# ഫ്ളോറിഡയിലെ സ്പെയ്സ് റോക്കറ്റ് നിലയത്തിൽ നിന്ന് ക്രൂഡ്രാഗണുമായി ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയരും.ഫാൽക്കണിൽ നിന്ന് വേർപെടുന്ന ക്രൂഡ്രാഗണിനെ സഞ്ചാരികൾ നിയന്ത്രിച്ച് ഇന്റർനാഷണൽ സ്പെയ്സ് സ്റ്റേഷനിൽ ഡോക്ക് ചെയ്യും. രണ്ടാഴ്ച തങ്ങി വിവിധ ദൗത്യങ്ങളിൽ പങ്കെടുക്കും. ഭൂമിയിലേക്ക് തിരിച്ചുവരും.
413 കോടിരൂപ യാത്രയ്ക്കും മറ്റ് ചെലവുകൾക്ക് 302 കോടിയും ചേർത്ത് 715കോടിരൂപയാണ് ശുഭാംശുവിന്റെ യാത്രയ്ക്ക് ഇന്ത്യ നൽകുന്നത്.
# മുൻ നാസ ബഹിരാകാശയാത്രികയും ഹ്യൂമൻ സ്‌പെയ്സ് മിഷൻ ഡയറക്ടറുമായ പെഗി വിറ്റ്സണാണ് ആക്സിയം 4 ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ശുഭാംശു പൈലറ്റിന്റെ റോൾ ഏറ്റെടുക്കും. പോളണ്ടിൽ നിന്നുള്ള സ്വാവോസ് ഉസ്നാൻസി വിസ്‌മെവ്സ്‌കിയും ഹംഗറിയിൽ നിന്നുള്ള ടിബോർ കപുവുമാണ് സഹ യാത്രികർ
#ശുഭാംശുവിന്റെ ദൗത്യം
സ്പെയ്സ് സ്റ്റേഷനിൽ കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളിൽ ഏഴ് പരീക്ഷണങ്ങൾ നടത്തും. ഗഗൻയാൻ, ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ ദൗത്യങ്ങളിൽ വൈദഗ്ദ്ധ്യം നേടാനുള്ള അവസരമായാണ് ഐ.എസ്.ആർ.ഒ കാണുന്നത്.