കരാറുകാരനെ തട്ടിക്കൊണ്ടുപോയി കവർച്ച: മുഖ്യപ്രതി പിടിയിൽ

Tuesday 22 April 2025 12:32 AM IST

കായംകുളം:കായംകുളത്ത് തമിഴ്നാട് സ്വദേശിയായ റെയിൽവേ കരാറുകാരനെ തട്ടിക്കൊണ്ടുപോയി എ.ടി.എം കാർഡ് കൈവശപ്പെടുത്തി ലക്ഷങ്ങൾ കവർന്ന കേസിൽ മുഖ്യപ്രതിയെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

കായംകുളം ചേരാവള്ളിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കന്യാകുമാരി സ്വദേശി വൈസിലിനെ വാടക വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി പിൻനമ്പർ വാങ്ങി ലക്ഷങ്ങൾ അക്കൗണ്ടിൽ നിന്നും പിൻ വലിച്ച കേസിലാണ് കായംകുളം കീരിക്കാട് തെക്ക് വെളുത്തേടത്ത് പടീറ്റതിൽ സജാദ് ഷാ (27) അറസ്റ്റിലായത്.

കുറ്റകൃത്യം നടത്തിയ ശേഷം ഒളിവിലായിരുന്നു ഇയാൾ. ഈ കേസിലെ എട്ട് പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പ്രതികൾ കായംകുളം എസ്.ബി.ഐ യുടെ എ.ടി.എം കൗണ്ടറിൽ നിന്നും പണം പിൻവലിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ അടിപിടി, വിശ്വാസ വഞ്ചന,കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ് സജാദ് ഷാ.കായംകുളം ഡിവൈ,എസ്.പി. ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി.ഐ അരുൺഷാ,എസ്.ഐ.മാരായ രതീഷ് ബാബു ശരത്,പൊലീസ് ഉദ്യോഗസ്ഥരായ ഷിബു,പദ്മദേവ്,സോനുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.