അവഗണനയിൽ ഡി.അഡിക്ഷൻ സെന്റർ

Tuesday 22 April 2025 12:00 AM IST

കിടത്തി ചികിത്സ എട്ട് പേർക്ക് മാത്രം

തൃശൂർ: ലഹരി ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ ലഹരിയിൽനിന്ന് മുക്തരാകാൻ ചികിത്സ തേടിയെത്തുന്ന വിമുക്തി ഡി.അഡിക്ഷൻ സെന്റർ അവഗണനയിൽ. ജില്ലയിലെ ഏക വിമുക്തി ഡി.അഡിക്ഷൻ സെന്ററാണ് ചാലക്കുടിയിൽ. ഒരോ മാസവും നൂറുക്കണക്കിന് പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. എന്നാൽ ആകെ എട്ട് പേരെ കിടത്തി ചികിത്സപ്പിക്കാനും അവരുടെ കൂട്ടിരിപ്പുകാർക്ക് നിൽക്കാനുമുള്ള സൗകര്യം മാത്രമാണ് ഇവിടെയുള്ളത്. കഴിഞ്ഞ വർഷം ലഹരിക്കടിമപ്പെട്ട 800 ഓളം പേരാണ് മോചനം ലഭിക്കുന്നതിനായി വിമുക്തി സെന്ററിൽ എത്തിയത്.

പുതിയ വാർഡിന് ഫണ്ടില്ല

ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പുതിയ വാർഡ് അനുവദിച്ചിരുന്നു. തുടർന്ന് 8 ,65,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിലേക്ക് നൽകി. എന്നാൽ എസ്റ്റിമേറ്റ് അയച്ച് മാസങ്ങളായെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം ഫണ്ട് നൽകാൻ സാധിക്കില്ലെന്ന നിലപാടിലാണ് സർക്കാർ.

കൈത്താങ്ങിന് ലയൺസ് ക്ലബ്ബ്

ചാലക്കുടി താലൂക്ക് വിമുക്തി ഡി അഡിക്ഷൻ സെന്ററിന്റെ നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായി 30 പേരെ (കുട്ടികൾക്കും, വനിതകൾക്ക് പ്രത്യേക വാർഡ് ) ചികിത്സിക്കുന്നതിനും രോഗികളുടെ 30 കൂട്ടിരിപ്പുകാർക്ക് സൗകര്യം ഒരുക്കുന്നതിനും ആവശ്യമായ ഫണ്ട് നൽകുമെന്ന് ലയൺസ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. ലയൺസ് ക്ലബ്ബ് ചാലക്കുടി പ്രസിഡന്റ് ജോമി കാവുങ്കൽ സെക്രട്ടറി വി.എസ്.സന്ദീപ് എന്നിവർ ഗവ:താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.മിനിമോളിന് കത്ത് നൽകി. സീനിയർ സൈക്കാട്രിസ്റ്റ് ഡോ: പീറ്റർ ജോസഫ് കിണറ്റിങ്ങൽ,ചാലക്കുടി എക്‌സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ കെ.കെ.രാജു ,മെഡിക്കൽ ഓഫീസർ ഡോ. അനുപ്രിയ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ ബീന , സോഷ്യൽ വർക്കർ അയന, സിവിൽ എക്‌സൈസ് ഓഫീസർ പി.പി.പ്രണേഷ്, എന്നിവർ ആശുപത്രി സന്ദർശിച്ചിരുന്നു.

വർഷം, കിടത്തി ചികിത്സ, ഒ.പി, ആകെ

  • 2018 - 5 -00--5
  • 2019 - 118- 596- 714
  • 2020- 100- 779-879
  • 2021 - 119- 1418-1537
  • 2020- 151-1926-2077
  • 2023-165-909-1074
  • 2024 -149-648-797
  • 2025- 49-208-257