സി.പി.ഐ ദേശീയ കൗൺസിൽ 23 മുതൽ തിരുവനന്തപുരത്ത്
Tuesday 22 April 2025 1:11 AM IST
തിരുവനന്തപുരം:സി.പി.ഐയുടെ ദേശീയ എക്സിക്യുട്ടീവ്, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ തലസ്ഥാനത്ത് നടക്കും . പുതുതായി നിർമ്മിച്ച സംസ്ഥാന ആസ്ഥാനമന്ദിരമായ എം.എൻ.സ്മാരകത്തിലാണ് 24നും 25നും ദേശീയ കൗൺസിൽ ചേരുക. വർഷങ്ങൾക്ക് ശേഷമാണു ദേശീയ കൗൺസിൽ കേരളത്തിൽ നടക്കുന്നത്.
23 നാണ് ദേശീയ സെക്രട്ടേറിയേറ്റ് ചേരുന്നത്. സെപ്തംബറിൽ ചണ്ഡീഗഡിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ ഒരുക്കങ്ങളാകും മുഖ്യ ചർച്ചാവിഷയം . പാർട്ടി കോൺഗ്രസിനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ ഉള്ളടക്കം യോഗം ചർച്ച ചെയ്യും. ഇത് സംസ്ഥാന ഘടകങ്ങൾക്ക് വിതരണം ചെയ്യും. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്, ദേശീയതലത്തിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാവി തുടങ്ങിയവയും ചർച്ച ചെയ്യും. 24നു വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും.