അതിദരിദ്രർക്ക് പാർപ്പിട പദ്ധതി
Tuesday 22 April 2025 12:25 AM IST
തൃശൂർ: അതിദാരിദ്ര്യ നിർമ്മാർജനത്തിന്റെ ഭാഗമായി ഭൂമിയും വീടും ആവശ്യമുള്ള കുടുംബങ്ങളെ കണ്ടെത്തി പരിഹാര നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനായി കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലയിലെ 55 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും പ്രസിഡന്റുമാരും പങ്കെടുത്ത യോഗത്തിൽ ഓരോ സ്ഥാപനത്തിലും ഭൂമിയും പാർപ്പിടവും ആവശ്യമായവരുടെ പട്ടിക വിശകലനം ചെയ്തു. നിലവിൽ 137 പാർപ്പിട പ്രശ്‌നങ്ങൾ വേഗത്തിൽ തീർപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. സംസ്ഥാനതല അതിദരിദ്ര നിർമാർജന യജ്ഞത്തിൽ ജില്ലയ്ക്ക് നിലവിൽ നാലാം സ്ഥാനമാണുള്ളതെന്നും പൂർണ പരിശ്രമത്തോടെ ഒന്നാം സ്ഥാനം കൈവരിക്കാനാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് പറഞ്ഞു. ഡെപ്യൂട്ടി കളക്ടർ എം.സി. ജ്യോതി, ടി. ജി. അഭിജിത്ത് എന്നിവർ പങ്കെടുത്തു.