ജാർഖണ്ഡിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ചു
റാഞ്ചി: ജാർഖണ്ഡിലെ ബൊക്കോറോയിൽ സെൻട്രൽ റിസർവ് പൊലീസ് സേനയും (സി.ആർ.പി.എഫ്) പൊലീസും നടത്തിയ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബൊക്കാറോയിലെ ലൽപനിയയിൽ ഇന്നലെ പുലർച്ചെ 5.30ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ സർക്കാർ തലയ്ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ച വിവേക് എന്നയാളുമുണ്ട്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കിറങ്ങിയ സുരക്ഷസേനയ്ക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് ജാർഖണ്ഡ് ഡി.ജി.പി അനുരാഗ് ഗുപ്ത പറഞ്ഞു. അതേസമയം, ഇവരുടെ കൈയ്യിൽ നിന്ന് എ.കെ സീരിസിൽപ്പെടുന്ന റൈഫിൾ, പിസ്റ്റൽ, എസ്.എൽ.ആർ മൂന്ന് ഇൻസാസ് റൈഫിൾ, ഒരു പിസ്റ്റൾ, എട്ട് നാടൻ നിർമ്മിത ഭർമർ റൈഫിളുകൾ എന്നിവ പിടിച്ചെടുത്തു.
കഴിഞ്ഞ ആഴച്ച ഛത്തീസ്ഗഢിൽ സുരക്ഷാ സേനയും മോവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തിരുന്നു. ബീജാപൂർ ജില്ലയിലെ ടെക്‌മെൽട്ട ഗ്രാമത്തിലെ കാട്ടുപ്രദേശത്ത് പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് സംഘം പിടിയിലായത്. ഇവരിൽ നിന്ന് സഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. ബസ്തറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും ചെയ്തു. കീഴ്‌പ്പെടുത്തിയത് മാവോയിസ്റ്റുകളിലെ പ്രധാനികളെയാണെന്ന് പൊലീസ് പറഞ്ഞു. ഹൽദാർ, റാമെ എന്നിവരാണ് മരിച്ചത്. ഇവരുടെ തലയ്ക്ക് 13 ലക്ഷം രൂപ വിലയിട്ടിട്ടുണ്ടായിരുന്നു. കൊണ്ടഗാവിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡ് (ഡി.ആർ.ജി), ബസ്തർ ഫൈറ്റേഴ്സ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. കൊണ്ടഗാവ്, നാരായൺപൂർ ജില്ലകളുടെ അതിർത്തിയിലുള്ള കിലാം, ബർഗം എന്നീ ഗ്രാമങ്ങളിലാണ് വെടിവെയ്പ് നടന്നത്.
മാവോയിസത്തെ ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ തടസമില്ലാതെ തുടരുകയാണ്. അതിന്റെ തുടർച്ചയാണ് ഇന്നലെ ജാർഖണ്ഡിലെ ബൊക്കാറോയിൽ 8 മാവോയിസ്റ്റുകളെ വധിച്ചത്.
-അമിത് ഷാ
കേന്ദ്ര ആഭ്യന്തര മന്ത്രി