കാരുണ്യത്തിന്റെ പ്രകാശനാളം

Tuesday 22 April 2025 1:17 AM IST

ആത്മവിശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രകാശനാളത്തെയാണ് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തോടെ ലോകത്തിനു നഷ്ടമായിരിക്കുന്നത്. ക്രിസ്തുവിന്റെ പ്രേമവും പ്രകാശവും സമചിത്തതയും ജീവിതത്തിൽ പ്രാവർത്തികമാക്കാനും അങ്ങനെ മറ്റുള്ളവർക്കു മാതൃയാകാനും അദ്ദേഹം ജീവിതാവസാനം വരെ ശ്രമിച്ചു.

2014 ഡിസംബറിൽ മനുഷ്യക്കടത്ത്, നിർബന്ധിതതൊഴിൽ, വേശ്യാവൃത്തി തുടങ്ങിയ ആധുനിക അടിമത്തം തടയുന്നതിനായി വിവിധ മത- ആദ്ധ്യാത്മിക ആചാര്യന്മാരുടെ സംയുക്തപ്രഖ്യാപനം ഒപ്പുവയ്ക്കുന്ന ചടങ്ങ് വത്തിക്കാനിൽ നടന്നു. അതിൽ പങ്കുചേരാൻ പരിശുദ്ധ മാർപാപ്പയുടെ പ്രത്യേക ക്ഷണപ്രകാരം അമ്മ അവിടെ പോയിരുന്നു. അദ്ദേഹത്തിന്റെ തുറന്ന സമീപനവും ഹൃദ്യമായ സംഭാഷണവും എളിമത്തവും ഈ അവസരത്തിൽ കൃതജ്ഞതാപൂർവം സ്‌മരിക്കുകയാണ്. ജാതിമതചിന്തകൾക്കപ്പുറം മാനവസമൂഹത്തെ ഒന്നിപ്പിച്ച് ഒരു കുടുംബമായി കാണാൻ ആഗ്രഹിക്കുന്ന ഉത്കൃഷ്ട നേതാവിനെയാണ് അന്നവിടെ എല്ലാവരും കണ്ടത്.

കത്തോലിക്കാ സഭയുടെ അത്യുന്നതസ്ഥാനം വഹിക്കുമ്പോഴും എതിർപ്പുകളെ അതിജീവിച്ചു മനുഷ്യൻ കെട്ടിപ്പൊക്കിയ അതിർവരമ്പുകൾക്കപ്പുറം ഒരുമയുടെ ലോകത്തിനുവേണ്ടി അദ്ദേഹം അശ്രാന്തപരിശ്രമം ചെയ്തു. അദ്ദേഹത്തിന്റെ അചഞ്ചലമായ ബോദ്ധ്യങ്ങളും നിശ്ചയദാർഢ്യവും വിശ്വാസവും ഭാവിതലമുറയ്ക്കും വഴികാട്ടിയാകുക തന്നെ ചെയ്യും. പരിശുദ്ധ മാർപാപ്പയുടെ വേർപാടിൽ ലോമെമ്പാടുമുള്ള വിശ്വാസികൾ അഗാധമായി ദുഃഖിക്കുന്ന നിമിഷങ്ങളാണിത്. അതിൽ പങ്കുചേരുന്നതോടൊപ്പം, നമുക്ക് അദ്ദേഹത്തിന്റെ ധന്യമായ ജീവിതത്തെ ആദരപൂർവം സ്മരിക്കുകയും അദ്ദേഹം കാട്ടിത്തന്ന ഐക്യത്തിന്റെയും വിശാലമനസ്കതയുടെയും മാർഗത്തിലൂടെ സഞ്ചരിക്കാൻ പ്രതിജ്ഞാബദ്ധരാവുകയും ചെയ്യാം. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. സ്നേഹപൂർവം പ്രാർത്ഥനകളോടെ, അമ്മ.