ജി 7 ഉച്ചകോടിയിലെ ശബ്ദം

Tuesday 22 April 2025 1:16 AM IST

റോം: ചരിത്രത്തിൽ ആദ്യമായി ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത മാർപാപ്പയാണ് ഫ്രാൻസിസ്. കഴിഞ്ഞ വർഷം ജൂണിൽ ഇറ്റലിയിലെ അപ്പൂലിയയിൽ നടന്ന ഉച്ചകോടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഊർജ്ജം, ആഫ്രിക്ക- മെഡിറ്ററേനിയൻ സെഷനിൽ അദ്ദേഹം പങ്കെടുത്തു.

സെഷനെ അഭിസംബോധന ചെയ്ത അദ്ദേഹം മാരക ഓട്ടണോമസ് ആയുധങ്ങൾ നിരോധിക്കണമെന്ന് ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തു. സായുധ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം ഉപകരണങ്ങളുടെ വികസനവും ഉപയോഗവും അപകടകരമാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

യുദ്ധ ഭൂമിയിലെ പ്രയോഗം അടക്കം നിർമ്മിത ബുദ്ധിയുടെ അപകട സാദ്ധ്യതകളിലേക്കും അദ്ദേഹം വിരൽചൂണ്ടി. യു.എസ്, ജപ്പാൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യു.കെ എന്നീ ഏഴ് സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 7.

 ഇന്ത്യയിലേക്ക് ക്ഷണം

ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. വേദിയിൽ പരസ്പരം ആലിംഗനം ചെയ്ത ഇരുവരും കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും ചെയ്തു.