കരുതലിന്റെ പ്രതിരൂപം

Tuesday 22 April 2025 1:21 AM IST

മനുഷ്യസ്നേഹത്തിന്റെയും കരുതലിന്റെയും പ്രതിരൂപമാണ് ഫ്രാൻസിസ് മാർപാപ്പ. നമ്മൾ കാണാതെപോയ ആളുകളെ കണ്ടെത്തിയ ഇടയൻ. പാവങ്ങളോടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളായിരുന്നു ഏറെ ശ്രദ്ധേയം. ലോകമനഃസാക്ഷിയുടെ സൂക്ഷിപ്പുകാരൻ മാത്രമല്ല, ലോക നേതൃനിരയിൽ നിന്ന ഒരാളായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അദ്ദേഹത്തിന്റെ ആത്മീയത സാധാരണ അളവുകോലിൽ നിന്ന് അളന്നെടുക്കാനാവില്ല. വ്യത്യാസങ്ങളുടെ ഒരു ആത്മീയ മനുഷ്യൻ എന്നാവും അദ്ദേഹത്തെ വിശേഷിപ്പിക്കാൻ അനുയോജ്യം.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നാണ് അദ്ദേഹം ഈസ്റ്റർദിന സന്ദേശത്തിലും പറഞ്ഞത്. അമേരിക്കൻ പ്രസിഡ‌ന്റിനോടുപോലും അധാർമ്മികമായത് ഉപേക്ഷിക്കണമെന്ന് പറയുന്നതിന് മടികാട്ടാത്ത ആളായിരുന്നു അദ്ദേഹം. ഭാരത സംസ്കാരത്തെയും നമ്മുടെ രാജ്യത്തെയും ഏറെ മതിപ്പോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹം കണ്ടിരുന്നത്. അത് വ്യക്തിപരമായി എനിക്ക് ഏറെ ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

മുൻകൂട്ടി സങ്കൽപ്പിക്കാനാകാത്ത ചില പ്രോട്ടോക്കോളുകളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പലപ്പോഴും നേരിട്ട് കണ്ടിട്ട് പുറത്തിറങ്ങുമ്പോൾ യാത്രയയ്ക്കുന്നതിനായി അദ്ദേഹം കൂടെവരും. സാധാരണ അങ്ങനെയാരും ചെയ്യാറില്ല. തന്നെ കാണാൻ വന്നയാൾ തിരികെപ്പോയി എന്നുറപ്പാക്കാനും വരുന്നവരൊന്നും ഇവിടെ നിന്ന് ഒന്നും എടുത്തുകൊണ്ടു പോയില്ലെന്ന് ഉറപ്പാക്കാനുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത്രമാത്രം സരസമായും ഹൃദ്യവുമായാണ് അദ്ദേഹത്തിന്റെ സംസാരം. സാധാരണ മനുഷ്യനോടും അങ്ങനെതന്നെയാണ് അദ്ദേഹം ഇടപെടുന്നത്.

മാർപാപ്പ ആയതിനുശേഷം ഇന്നുവരെ ജന്മനാട്ടിലേക്ക് സന്ദർശനം നടത്തിയിട്ടില്ലെന്നത് എന്നെ ഏറെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ജന്മനാട്ടിലേക്ക് പോകുന്നില്ലേയെന്നു പലവട്ടം ചോദിച്ചപ്പോഴും അതിന് സമയമുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സാധാരണ ഒരാളായിരുന്നെങ്കിൽ മാർപാപ്പയായതിനുശേഷം സ്വന്തം നാട്ടിൽപോയി എല്ലാവരെയും കണ്ട്, താൻ താമസിച്ച മുറിയിലൊന്നു കയറി അവിടെനിന്ന് എന്തെങ്കിലും എടുക്കാനുണ്ടോയെന്നും എന്തെങ്കിലും അവിടെവയ്ക്കാനുണ്ടോയെന്നും നോക്കുമായിരുന്നു. അത്രപോലും ആഗ്രഹങ്ങളും താത്പര്യങ്ങളുമില്ലാത്ത ഒരാളായിരുന്നു അദ്ദേഹം. വ്യത്യസ്തതയുള്ള ജീവിതക്രമമായിരുന്നു അദ്ദേഹത്തിനുള്ളത്. അസാധാരണ ലാളിത്യം, വിനയം, മനുഷ്യനോടുള്ള അടുപ്പം ഇതിനൊക്കെ പകരംവയ്ക്കാൻ മറ്റൊരാൾക്ക് കഴിയുമോ എന്ന് സംശയമാണ്.

കത്തോലിക്കാ സഭയ്ക്ക് അദ്ദേഹം നൽകിയിരുന്ന നേതൃത്വവും ഏറെ സവിശേഷകരമായിരുന്നു. സുവിശേഷത്തിലുള്ളതിനേക്കാൾ ആഴത്തിൽ ക്രിസ്തുവിനെ അറിയണമെന്നായിരുന്നു അദ്ദേഹം സഭാ വിശ്വാസികളെ പഠിപ്പിച്ചിരുന്നത്. അബുദാബിയിൽ നടന്ന മതാന്തര സംവാദങ്ങളിൽ നാമെല്ലാവരും സഹോദരങ്ങളാണ് എന്ന തലക്കെട്ടിലുള്ള മാർപാപ്പയുടെ അപ്പോസ്തോലിക ലേഖനങ്ങളായിരുന്നു ഏറെ ശ്രദ്ധാകേന്ദ്രമായത്. സമൂഹ മനഃസാക്ഷിയെ ഉണർത്തുന്ന സമീപനമായി ജീവിക്കണമെന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. ഭൂമിയെ അമ്മയായി കാണുന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റെ ലൗദാത്തോസി എന്ന ലേഖനത്തിൽ പ്രതിപാദിക്കുന്നത്.